Quantcast

നെഹ്റു സംവരണത്തിന് എതിരായിരുന്നു, കോൺഗ്രസ് അദ്ദേഹത്തെ അന്ധമായി പിന്തുടരുന്നു -മോദി

‘ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് വേണ്ടിയാണ്’

MediaOne Logo

Web Desk

  • Published:

    7 Feb 2024 12:05 PM GMT

narendra modi against jawahar lal nehru
X

ന്യൂഡൽഹി: ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ മറുപടി പറയവേയാണ് മോദിയുടെ വിമർശനം.

ഈ ദിവസങ്ങളിൽ ഞാൻ നെഹ്റുജിയെ ഒരുപാട് ഓർക്കാറുണ്ടെന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ഒരിക്കൽ നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്ത് എഴുതി. താൻ സംവരണത്തിന് എതിരാണെന്നും അത് യോഗ്യത ഇല്ലാത്തവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് കത്തിലെ ഉള്ളടക്കം.

എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവർക്ക് ജോലിയിൽ സംവരണം ലഭിച്ചാൽ സർക്കാർ ജോലിയുടെ നിലവാരം കുറയുമെന്ന് നെഹ്റു പറയാറുണ്ടായിരുന്നു. അദ്ദേഹം നിയമനം പോലും തടഞ്ഞു. നെഹ്റു പറഞ്ഞത് കല്ലിൽ രേഖപ്പെടുത്തി വെച്ചിരിക്കുകയാണ് കോൺഗ്രസുകാർ. അത്തരം ഉദാഹരണങ്ങളിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാമെന്നും മോദി പറഞ്ഞു.

എസ്‌.സി, എസ്.ടി വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് എക്കാലത്തും എതിരാണ് കോൺഗ്രസ്. എന്നാൽ, ഞങ്ങൾ എല്ലായ്‌പ്പോഴും അവർക്ക് മുൻഗണന നൽകി, ആദ്യം ദളിതർക്കും ഇപ്പോൾ ആദിവാസികൾക്കും. ഞങ്ങളുടെ പദ്ധതികളുടെ ഗുണഭോക്താക്കൾ ആരാണ്? ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു.

പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. മുർമിനോടുള്ള നിങ്ങളുടെ എതിർപ്പ് പ്രത്യയശാസ്ത്രത്തിന് വേണ്ടിയായിരുന്നില്ല. ബി.ജെ.പിയിൽ നിന്ന് പോയ ഒരാളെ (മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ) നിങ്ങൾ സ്ഥാനാർഥിയാക്കി. നിങ്ങൾ ഒരു ആദിവാസി സ്ത്രീയെയാണ് എതിർത്തതെന്നും മോദി പറഞ്ഞു.

കഴിഞ്ഞദിവസം ലോക്സഭയിലും നരേന്ദ്ര മോദി നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യക്കാർ മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്‌റു ചിന്തിച്ചിരുന്നതെന്നും അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.

കോൺഗ്രസ് പാർട്ടി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാധ്യതകളെ ഒരിക്കലും വിശ്വാസത്തിൽ എടുത്തില്ല. കശ്മീരും രാജ്യവും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളുടെ മൂലകാരണം നെഹ്റുവിന്റെ ചിന്തയാണെന്നും മോദി പറഞ്ഞു.

TAGS :

Next Story