'പാപ്പാ...എനിക്ക് രക്ഷപ്പെടാനാകുമെന്ന് തോന്നുന്നില്ല, അത്ര ഒഴുക്കുണ്ട്'; മേഘവിസ്ഫോടനത്തിൽ കാണാതായ മകനെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടി നേപ്പാളി ദമ്പതികൾ
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ദുരന്തം സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കാളി ദേവിയും വിജയ് സിങ്ങും ഹർസിലിൽ നിന്ന് ഭട്വാരിയിലേക്ക് പോയത്

ഡെറാഡൂൺ: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മേഘ വിസ്ഫോടനത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ മൂന്നാംദിവസവും തുടരുകയാണ്. 60ലധികം പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. അഞ്ച് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നേപ്പാളി ദമ്പതികളായ കാളി ദേവിക്കും വിജയ് സിങ്ങിനും തങ്ങളുടെ മകനെ നഷ്ടപ്പെട്ടു. കാണാതാകുന്നതിന് തൊട്ട് മുൻപ് മകനോട് രണ്ട് മിനിറ്റ് സംസാരിച്ചിരുന്നതായും ദമ്പതികൾ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ദുരന്തം സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കാളി ദേവിയും വിജയ് സിങ്ങും ഹർസിലിൽ നിന്ന് ഭട്വാരിയിലേക്ക് പോയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം കഴിഞ്ഞ്, നേപ്പാളിൽ നിന്ന് എത്തിയ 26 തൊഴിലാളികളുടെ സംഘത്തിലെ ശേഷിക്കുന്ന ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. താഴ്‌വരയിലെ റോഡ്, പാലം നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കപ്പെട്ട തൊഴിലാളികളുടെ സംഘമായിരുന്നു അത്. താഴ്‌വരയിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പിന്നാലെ ദമ്പതികളുടെ മകനെ കാണാതാവുകയായിരുന്നു. ''പാപ്പാ എനിക്ക് രക്ഷപ്പെടാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അത്രയധികം വെള്ളമുണ്ട്'' എന്നാണ് മകൻ പറഞ്ഞതെന്ന് വിജയ് സിങ് ഓര്‍ക്കുന്നു.
താനും ഭർത്താവും ഹർസിൽ താഴ്‌വരയിലേക്ക് നയിക്കുന്ന ഗംഗാവാഡി വരെ നടന്നുവെന്നും എന്നാൽ ഭാഗീരഥി നദിക്ക് കുറുകെയുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) പാലം ഒഴുകിപ്പോയതായതിനെത്തുടർന്ന് കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്ന് കാളി ദേവി പറഞ്ഞു. "ഞങ്ങൾ താഴ്‌വര വിട്ടപ്പോൾ, ഇത്തരമൊരു ദുരന്തം ആ പ്രദേശത്ത് ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ, ഞാൻ എന്റെ കുട്ടികളെ പിന്നിലാക്കി പോകുമായിരുന്നില്ല," അവര്‍ കൂട്ടിച്ചേര്‍ത്തു. "ഞങ്ങളെ ഹർസിൽ വാലിയിലേക്ക് കൊണ്ടുപോകാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ തന്നെ കണ്ടെത്തും," കാളി ദേവി പറഞ്ഞു.
ദുരന്തമുണ്ടായപ്പോൾ തൊഴിലാളികളെ കൂടാതെ, സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘം ഉൾപ്പെടെ നിരവധി പേർ താഴ്‌വരയിൽ ഉണ്ടായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും എട്ട് ജവാൻമാരുമടക്കം ഒമ്പത് കരസേന ഉദ്യോഗസ്ഥരെ കാണാതായതായി വ്യാഴാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ സൈന്യം അറിയിച്ചു. 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

