Quantcast

അഞ്ചിലധികം നിയമലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ടോൾ കുടിശിക വരുത്തന്നവരുടെ പെർമിറ്റ് റദ്ദാക്കും; പുതുക്കിയ ഗതാഗത നിയമം ഇങ്ങനെ

വാഹന കൈമാറ്റത്തിന് എൻ‌ഒസിയും നൽകില്ല

MediaOne Logo
അഞ്ചിലധികം നിയമലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ടോൾ കുടിശിക വരുത്തന്നവരുടെ  പെർമിറ്റ് റദ്ദാക്കും; പുതുക്കിയ ഗതാഗത നിയമം ഇങ്ങനെ
X

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുതുക്കിയ മോട്ടോർ വാഹന നിയപ്രകാരം ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ സാധ്യത. മോട്ടോർ വാഹന നിയമങ്ങളിൽ ഇന്ത്യ പുതുതായി പ്രഖ്യാപിച്ച ഭേദഗതികൾ പ്രകാരമാണ് ഇത്തരമൊരു സാധ്യത നിലനിൽക്കുന്നത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച്, നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. വരുന്ന ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം ബാധകമാണ്. മുൻ വർഷങ്ങളിലെ കുറ്റകൃത്യങ്ങൾ കണക്കാക്കില്ല.

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് ലൈസൻസിംഗ് അതോറിറ്റി ലൈസൻസ് ഉടമയുടെ വിശദീകരണം കേൾക്കും. ഭേദഗതി പ്രകാരം, ഒരു വർഷത്തിനുള്ളിൽ മോട്ടോർ വാഹന നിയമത്തിലെ അഞ്ചോ അതിലധികമോ വ്യവസ്ഥകൾ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കാൻ യോഗ്യനല്ലെന്ന് കണക്കാക്കും. ലൈസൻസ് എത്ര കാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് അതോറിറ്റിക്ക് തീരുമാനിക്കാം.

സ്ഥിരം നിയമലംഘകരെ നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് നീക്കമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു വർഷത്തിനുള്ളിൽ അഞ്ചെണ്ണം കണ്ടെത്തിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടാം.

അമിത വേഗത, ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ഇല്ലാതെ വാഹനമോടിക്കൽ, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, അനധികൃത പാർക്കിംഗ്, ഓവർലോഡിംഗ്, വാഹന മോഷണം, സഹയാത്രികരോടുള്ള അക്രമാസക്തമായ പെരുമാറ്റം തുടങ്ങി ചെറിയ നിയമലംഘനങ്ങൾ കൂടിച്ചേർന്നാൽ പോലും അഞ്ചിൽ എത്തിയാൽ നടപടിയെടുക്കാൻ സാധ്യതയുണ്ട്.

ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള തീരുമാനം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) അല്ലെങ്കിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് (ഡിടിഒ) ആയിരിക്കും. എത്ര കാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും അവർക്ക് തീരുമാനിക്കാം.

അടയ്ക്കാത്ത ടോൾ ചാർജുകളെക്കുറിച്ചുള്ള നിയമങ്ങളും സർക്കാർ കർശനമാക്കി. അവശ്യ വാഹന സേവനങ്ങളുമായി അവയെ ബന്ധിപ്പിക്കുന്നു. 2026 ലെ കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) നിയമങ്ങൾ പ്രകാരം, ടോൾ കുടിശിക തീർപ്പാക്കാത്ത വാഹനങ്ങൾക്ക് പണമടയ്ക്കുംവരെ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.

ടോൾ നിരക്കുകൾ അടയ്ക്കാതെയിരിക്കുകയാണെങ്കിൽ അന്തർ സംസ്ഥാന വാഹന കൈമാറ്റത്തിന് എൻ‌ഒസി നൽകില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ പുതുക്കില്ല. വാണിജ്യ വാഹനങ്ങൾക്കുള്ള ദേശീയ പെർമിറ്റുകൾ നിഷേധിക്കും. ദേശീയ പാതകളിലെ ടോൾ പിരിവ് ശക്തിപ്പെടുത്തുന്നതിനും ടോൾ വെട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒരു വാഹനം ടോൾ പ്ലാസ കടന്നുപോകുകയും ഇലക്ട്രോണിക് സിസ്റ്റം പണം സ്വീകരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌താൽ, ആ തുക കുടിശ്ശികയായി കണക്കാക്കും.

TAGS :

Next Story