Quantcast

ബലാത്സംഗക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മാധ്യമപ്രവര്‍ത്തകരായ ഷാസിയ നിസാറും ആദര്‍ശ് ഝായും അറസ്റ്റിൽ

ഷാസിയയും ആദര്‍ശും വ്യാജ ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് ഭീഷണിപ്പെടുത്തുകയും 65 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    10 Jun 2025 3:07 PM IST

ബലാത്സംഗക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മാധ്യമപ്രവര്‍ത്തകരായ ഷാസിയ നിസാറും ആദര്‍ശ് ഝായും അറസ്റ്റിൽ
X

നോയിഡ: ബലാത്സംഗക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മാധ്യമപ്രവര്‍ത്തകരായ ഷാസിയ നിസാറും ആദര്‍ശ് ഝായും അറസ്റ്റിൽ. ഭാരത് 24 എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തകയാണ് ഷാസിയ. നോയിഡയിൽ നിന്നുള്ള അമര്‍ ഉജാല എന്ന പത്രത്തിന്‍റെ ഡിജിറ്റൽ വിഭാഗത്തിലാണ് ആദര്‍ശ് ജോലി ചെയ്യുന്നത്. തൊഴിലുടമയെ ലക്ഷ്യമിട്ട് നടത്തിയ ഭീഷണിപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് ഫ്രീ പ്രസ് ജേര്‍ണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരത് 24ലെ ഉന്നത എക്സിക്യൂട്ടീവുകൾ സമർപ്പിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാസിയയും ആദര്‍ശും വ്യാജ ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് ഭീഷണിപ്പെടുത്തുകയും 65 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഷാസിയയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് 34.5 ലക്ഷം രൂപ കണ്ടെടുത്തു. രണ്ട് പേരെയും ഗൗതം ബുദ്ധ നഗറിലെ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ-II) മുമ്പാകെ ഹാജരാക്കി. ജൂൺ 21 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.വിവിധ വകുപ്പുകൾ പ്രകാരം ബ്ലാക്ക് മെയിൽ, ഭീഷണിപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ദീപക് ചൗഹാൻ പറഞ്ഞു.

കോടതിയിൽ, ഷാസിയ നടപടികൾ തടസ്സപ്പെടുത്തുകയും പൊലീസിനെതിരെ മോശം പെരുമാറ്റം ആരോപിക്കുകയും ചെയ്തു. വാർത്താ ചാനൽ മാനേജ്‌മെന്റിനെതിരെ വ്യാജ ക്രിമിനൽ കുറ്റം ചുമത്താൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും ഉള്ള ആരോപണങ്ങൾ ജഡ്ജി ഗൗരവമായി എടുത്തു. കൺസൾട്ടിംഗ് എഡിറ്റർ അനിത ഹാഡ, എച്ച്ആർ മേധാവി അനു ശ്രീധർ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് എഫ്‌ഐആറുകൾ ഫയൽ ചെയ്തു.

കുറച്ചുകാലം സീ സലാമിൽ പ്രവർത്തിച്ചിരുന്ന ഷാസിയ, 2022 ൽ ആദർശ് ഝായുടെ ശിപാർശയിലാണ് ഭാരത് 24ൽ ചേരുന്നത്. സഹപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ലൈംഗിക ആരോപണങ്ങൾ ഇവര്‍ ഉന്നയിച്ചിരുന്നു. 2023 നും 2025 നും ഇടയിലാണ് പ്രശ്നം കൂടുതൽ വഷളായത്. ചാനൽ എഡിറ്ററെ വ്യാജ ലൈംഗിക പീഡന കേസിൽ കുടുക്കുമെന്ന് ഷാസിയ ഭീഷണിപ്പെടുത്തിയതായും 5 കോടി രൂപ മുതൽ 65 കോടി രൂപ വരെ ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ, വീഡിയോ റെക്കോഡിങ്ങുകൾ ചാനലിന്‍റെ പക്കലുണ്ട്. ഈ ബ്ലാക്ക്‌മെയിൽ ഓപ്പറേഷനിൽ മറ്റ് മാധ്യമപ്രവർത്തകരോ പ്രമുഖരോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

TAGS :

Next Story