ബീഫ് കഴിക്കുമോയെന്ന് ചോദിച്ച് അധ്യാപകൻ പരിഹസിച്ചു; ദലിത് വിദ്യാർഥി ജീവനൊടുക്കി
ജാതിയുടെ പേരിലും ഭക്ഷണശീലങ്ങളുടെ പേരിലും സ്കൂളിൽ നിരന്തരം അധിക്ഷേപം നേരിട്ടെന്ന പരാതിക്കിടെ 16കാരനായ ദലിത് വിദ്യാർഥി ജീവനൊടുക്കി

കോയമ്പത്തൂർ: ജാതിയുടെ പേരിലും ഭക്ഷണശീലങ്ങളുടെ പേരിലും സ്കൂളിൽ നിരന്തരം അധിക്ഷേപം നേരിട്ടെന്ന പരാതിക്കിടെ 16കാരനായ ദലിത് വിദ്യാർഥി ജീവനൊടുക്കി. കോയമ്പത്തൂർ പീളമേട് സ്വദേശിയും 11ാം ക്ലാസ് വിദ്യാർഥിയുമായ എ. അകിലനാണ് മരിച്ചത്. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർക്കും ഒരു അധ്യാപകനും രണ്ട് വിദ്യാർഥികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ശ്രീ കെ.കെ നായിഡു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു അകിലൻ. ജാതിയുടെ പേരിൽ അധ്യാപകനായ വിജയകുമാർ കുട്ടിയെ പലതവണ പരിഹസിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ബീഫ് കഴിക്കുന്നവരെ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തിയപ്പോൾ അകിലൻ മാത്രമാണ് ആ കൂട്ടത്തിലുണ്ടായിരുന്നതെന്നും പരാതിയിലുണ്ട്. തുടർന്ന് ബീഫ് കഴിക്കുന്നവരെ ദലിതരുമായി ബന്ധപ്പെടുത്തി സഹപാഠികൾ അധിക്ഷേപിച്ചെന്നാണ് ആരോപണം.
തുടർച്ചയായ പരിഹാസം സഹിക്കാനാകാതെ അകിലൻ ഒരിക്കൽ വീടുവിട്ട് ബന്ധുവീട്ടിലേക്ക് പോയിരുന്നു. പിതാവ് അശോക് കുമാർ കുട്ടിയെ തിരികെ കൊണ്ടുവന്നെങ്കിലും സ്കൂളിൽ പോകാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് പിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. കുറച്ചുദിവസം പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും പൂജാ അവധിക്കുശേഷം സ്കൂളിൽ തിരിച്ചെത്തിയപ്പോൾ അധിക്ഷേപം വീണ്ടും തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
മരിച്ച ദിവസം സ്കൂൾ അസംബ്ലിയിൽവെച്ചും അകിലനെ ജാതി പറഞ്ഞ് പരിഹസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ കുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മാതാവ് കൗസല്യ നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ, ഉപദ്രവം തുടങ്ങിയ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പങ്ക് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

