എവിടെയാണ് നജീബ്? ഒരമ്മയുടെ കാത്തിരിപ്പിന് ഒമ്പത് വർഷങ്ങള്‍
എബിവിപിയുടെ സംഘടിത ആക്രമണത്തെ തുടര്‍ന്നാണ് എംഎസ്‌സി വിദ്യാര്‍ഥിയായിരുന്ന നജീബിനെ ജെഎന്‍യു ഹോസ്റ്റലിൽ നിന്ന് കാണാതാവുന്നത്

File Photo| Special Arrangement
ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഒമ്പത് വര്‍ഷം.2016 ഒക്ടോബർ 15 നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നജീബിനെ കാണാതായത്.എംഎസ്‌സി വിദ്യാര്‍ഥിയായിരുന്ന നജീബിനെ എബിവിപിയുടെ സംഘടിത ആക്രമണത്തെ തുടര്‍ന്നാണ് ഹോസ്റ്റലിൽ നിന്ന് കാണാതാവുന്നത്.
നീതിതേടി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് അലഞ്ഞത് ഒമ്പത് വർഷങ്ങളാണ് നജീബിനെക്കുറിച്ച് ഇന്നും ഒരു സൂചന പോലും ലഭിച്ചിട്ടില്ല. ജീവനോടെയുണ്ടെന്നോ, അതോ മരിച്ചെന്നോ പോലും ആര്‍ക്കും സ്ഥിരീകരിക്കാനാവുന്നില്ല, നജീബിന്റെ തിരോധാനം അന്വേഷിച്ച സിബിഐക്കും നജീബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ല.
രാജ്യമെങ്ങും നജീബിനായി സാമൂഹ്യ മാധ്യമങ്ങളിൽ ഹാഷ്ടാഗുകളും പ്രതിഷേധങ്ങളും കത്തി. സങ്കടം ആര്‍ത്തലച്ച നഫീസ അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും അന്വേഷണ സംഘത്തിന് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല.ഒടുവിൽ സിബിഐ കേസ് അവസാനിപ്പിച്ച് ഡൽഹി കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകി. കോടതി അത് അഗീകരിക്കുകയും ചെയ്തു.
നജീബും സുഹൃത്ത് കാസിമും താമസിച്ച ഹോസ്റ്റൽ മുറിയിലേക്ക് എബിവിപി പ്രവത്തകർ കയറി നജീബിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി തിരികെ വന്ന നജീബിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഉത്തർപ്രദേശിലെ ബദായുമിലെ വീട്ടിൽ മകന്റെ മടങ്ങിവരവ് കാത്ത് ഫാത്തിമയും പിതാവ് നഫീസ് അഹമ്മദും ഇന്നും വീട്ടിൽ കാത്തിരിക്കുന്നുണ്ട്. ഇനി സുപ്രിംകോടതിയിലാണ് പ്രതീക്ഷ. ഒമ്പത് വർഷങ്ങൾക്കു ശേഷവും ജെ.എൻ.യുവിലെ ആ ഹോസ്റ്റൽ മുറിയുടെ ശൂന്യതയിൽ ഇന്നും ഒരു ചോദ്യമുണ്ട്. എവിടെയാണ് നജീബ്....?
Adjust Story Font
16

