Quantcast

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം പേനയെ ഭയക്കുന്നതെന്തിന്? നിതാഷ കൗൾ

കർണാടക സർക്കാറിന്റെ അഥിതിയായി ലണ്ടനിൽ നിന്നെത്തിയ കൗളിനെ കേന്ദ്രസർക്കാർ കാരണം കാണിക്കാതെ തിരിച്ചയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-26 08:19:49.0

Published:

26 Feb 2024 8:06 AM GMT

nitasah kaul
X

ബംഗളൂരു: കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ വേദിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വംശജയായ യുകെ പ്രൊഫസർ നിതാഷ കൗളിനെ തിരിച്ചയച്ച് കേന്ദ്രസർക്കാർ. 'ഡൽഹിയിൽ നിന്നുള്ള ഉത്തരവ്' പ്രകാരമാണ് തന്നെ തിരിച്ചയച്ചതെന്ന് നിതാഷ ആരോപിച്ചു. പരിപാടിക്കായി ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവരെ ലണ്ടനിലേക്ക് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു. കോൺസ്റ്റിറ്റ്യൂഷൻ ആന്റ് നാഷണൽ യൂണിറ്റി കൺവൻഷൻ-2024 എന്ന പേരിൽ ഫെബ്രുവരി 24, 25 തിയ്യതികളിലായിരുന്നു പരിപാടി.

'ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ സംസാരിക്കാൻ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. കർണാടക ഗവൺമെന്റാണ് എന്നെ പരിപാടിക്കായി ക്ഷണിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ പ്രവേശനം തടഞ്ഞു. എന്റെ എല്ലാ രേഖകളും സാധുവായിരുന്നു' - വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്‌സിറ്റി പ്രൊഫസറായ അവർ എക്‌സിൽ കുറിച്ചു.

പ്രത്യേകിച്ച് കാരണം പറയാതെയാണ് തന്നെ തിരിച്ചയച്ചത് എന്ന് അവർ പറയുന്നു. 'എന്റെ യാത്ര തരപ്പെടുത്തിയിരുന്നത് കർണാടകയായിരുന്നു. ഔദ്യോഗിക കത്തും ലഭിച്ചിരുന്നു. ഡൽഹിയിൽ നിന്ന് നേരത്തെ നോട്ടീസൊന്നും ലഭിച്ചിരുന്നില്ല. ദശാബ്ദങ്ങളായുള്ള എന്റെ എഴുത്തുകൾ എനിക്കു വേണ്ടി സംസാരിക്കും. വർഷങ്ങൾക്ക് മുമ്പ്, ആർഎസ്എസിനെ കുറിച്ചുള്ള എന്റെ വിമർശനങ്ങളിൽ ഉദ്യോഗസ്ഥർ അനൗദ്യോഗികമായ സൂചന നൽകിയിരുന്നു. അതിന് ശേഷം നിരവധി തവണ ഇന്ത്യയിലേക്ക് പോയിട്ടുണ്ട്. ഒരു സംസ്ഥാന സർക്കാറാണ് എന്നെ ക്ഷണിച്ചത്. എന്നാൽ കേന്ദ്രഗവൺമെന്റ് നിരസിക്കുകയും ചെയ്തു' - അവർ ട്വീറ്റു ചെയ്തു.



വിമാനത്താവളത്തില്‍ ദുരനുഭവങ്ങളുണ്ടായെന്നും അവര്‍ പറഞ്ഞു. 'ലണ്ടനിൽനിന്ന് ബംഗളൂരു വരെ 12 മണിക്കൂറാണ് യാത്ര ചെയ്തത്. ഇമിഗ്രേഷനിൽ നിരവധി മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. കാരണം കാണിക്കാതെ 24 മണിക്കൂർ മുറിയിൽ അടച്ചിട്ടു. ആവശ്യമായ വെള്ളവും ഭക്ഷണവും കിട്ടിയില്ല. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും തലയണയും പുതപ്പും ലഭിച്ചില്ല. കൊല്ലും, പീഡിപ്പിക്കും, നിരോധിക്കും എന്നിങ്ങനെ വർഷങ്ങളായി എനിക്കെതിരെ വലതുപക്ഷ ഹിന്ദുത്വ ട്രോളുകളുണ്ട്. നേരത്തെ, വൃദ്ധയായ അമ്മ താമസിക്കുന്ന വീട്ടിൽ അവർ പൊലീസിനെ അയച്ചിരുന്നു.' - അവർ കൂട്ടിച്ചേർത്തു.

'എന്റെ പേനയും വാക്കും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭീതിപ്പെടുത്തുന്നത് എങ്ങനെയാണ്? ഭരണഘടനയെ കുറിച്ച് സംസാരിക്കാൻ ഒരു സംസ്ഥാന സർക്കാർ ക്ഷണിച്ച അതിഥിയെ കേന്ദ്രസർക്കാർ തടയുന്നത് ശരിയാണോ? അതു കാരണം പറയാതെ. ഇതല്ല നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന ഇന്ത്യ' - നിതാഷ കുറിച്ചു.

നിതാഷയുടെ ട്വീറ്റിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇന്ത്യയുടെ അഖണ്ഡതയെയും ഐക്യത്തെയും മുഖ്യമന്ത്രി സിദ്ധരാമയ്യ വെല്ലുവിളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വിഭജിത അജണ്ടയുടെ പരീക്ഷണശാലയായി കർണാടകയെ മാറ്റുകയാണ്. പാകിസ്താനോട് അനുകമ്പ കാണിക്കുന്ന ഒരാളെ ക്ഷണിച്ചതു വഴി കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയെ അപമാനിച്ചു. ഭീകരവാദികളോട് അനുകമ്പ കാണിക്കുന്നവരെയും അർബൻ നക്‌സലുകളെയും ദേശവിരുദ്ധരെയും നികുതിപ്പണം ഉപയോഗിച്ച് ക്ഷണിക്കുകയാണ് കോൺഗ്രസ്.- ബിജെപി കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ജനിച്ച കൗൾ ശ്രീനഗറിലാണ് വളർന്നത്. ഡൽഹി ശ്രീറാം കോളജിൽ നിന്ന് ഡിഗ്രിയെടുത്തു. മാസ്‌റ്റേഴ്‌സും ഗവേഷണ പഠനവും പൂർത്തിയാക്കിയത് യുകെയിലെ ഹൾ യൂണിവേഴ്‌സിറ്റിയിൽനിന്നാണ്. ഇവരുടെ ആദ്യ നോവൽ റെസിഡ്യെ മാൻ ഏഷ്യൻ സാഹിത്യ പുരസ്‌കാരപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ആർഎസ്എസിനെ രൂക്ഷമായി വിമർശിക്കുന്ന നിരവധി ലേഖനങ്ങളുടെ കർത്താവു കൂടിയാണ് കൗൾ.

TAGS :

Next Story