'വിമാനാപകടത്തിന്റെ അന്വേഷണം നിഷ്പക്ഷം; പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ വീക്ഷണങ്ങള്‍': വ്യോമയാന മന്ത്രി
നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പ്രകാരം അന്വേഷണം നടക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിമാനാപകടവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് രാജ്യത്തിനകത്തുതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീര്‍ത്തും നിഷ്പക്ഷമായാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍തന്നെ വിദഗ്ധരടക്കമുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളുടേത്. എല്ലാം അവരുടെ സ്വന്തം വിവരണമാണ്. എന്നാല്‍ സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. പാശ്ചാത്യ മാധ്യമങ്ങള്‍ അവരുടെ സ്വന്തം വീക്ഷണം പ്രചരിപ്പിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. അതിനുശേഷമേ ഒരു നിഗമനത്തിലെത്താന്‍ സാധിക്കൂ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യും. എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ മാത്രമാണുള്ളത്. എല്ലാ കണ്ടെത്തലുകളും ഉള്‍പ്പെടുത്തി സമഗ്രമായിരിക്കും അന്തിമ റിപ്പോര്‍ട്ട്,'' മന്ത്രി ഉറപ്പുനല്‍കി.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി ഉയര്‍ന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ റെക്കോര്‍ഡ് നിയമനങ്ങള്‍ നടത്തി ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണ്. ദിവസവും അഞ്ച് ലക്ഷം വിമാനയാത്രക്കാര്‍ രാജ്യത്തുണ്ടെന്നും, അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.
Adjust Story Font
16

