ദീപാവലിക്ക് ബോണസ് കുറഞ്ഞു; ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിട്ട് ടോൾ പ്ലാസ ജീവനക്കാര്‍
ഫത്തേഹാബാദ് ടോൾ പ്ലാസയിലെ 21 ജീവനക്കാർക്ക് ദീപാവലി ബോണസായി 1100 രൂപ മാത്രമാണ് ലഭിച്ചത്

Photo| India Today
ലഖ്നൗ: ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ ദീപാവലി ബോണസിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ആഡംബര കാറുകൾ മുതൽ വില പിടിപ്പുള്ള പല വസ്തുക്കളും ജീവനക്കാര്‍ക്ക് സമ്മാനമായി നൽകിയ കമ്പനികളുണ്ട്. എന്നാൽ ഇതിനിടയിൽ പത്ത് പൈസ പോലും ബോണസ് നൽകാത്തവരുമുണ്ട്. ആശിച്ച് മോഹിച്ച് ഏറെ പ്രതീക്ഷിച്ചിരുന്ന ബോണസ് കിട്ടാതെ വന്നാല്‍ എന്ത് ചെയ്യും? ചിലര്‍ മിണ്ടാതിരുന്നങ്ങ് തമ്മിൽ തമ്മിൽ പറഞ്ഞ് പ്രതിഷേധിക്കും. എന്നാൽ ഉത്തര്‍പ്രദേശിലെ ടോൾ പ്ലാസ ജീവനക്കാര്‍ കമ്പനിക്ക് എട്ടിന്‍റെ പണി കൊടുത്താണ് പ്രതിഷേധിച്ചത്.
ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ടോൾ അടയ്ക്കാതെ കടന്നുപോയത്. ശ്രീ സൈൻ & ഡാറ്റർ കമ്പനിയുടെ കീഴിലുള്ള ഫത്തേഹാബാദ് ടോൾ പ്ലാസയിലെ 21 ജീവനക്കാർക്ക് ദീപാവലി ബോണസായി 1100 രൂപ മാത്രമാണ് ലഭിച്ചത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. ഈ വർഷം മാർച്ചിലാണ് കമ്പനി ടോളിൻ്റെ മാനേജ്‌മെൻ്റ് ഏറ്റെടുത്തത്.
"കഴിഞ്ഞ ഒരു വർഷമായി ഞാൻ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്, പക്ഷേ അവർ ഞങ്ങൾക്ക് ഒരു ബോണസും നൽകിയിട്ടില്ല. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്, പക്ഷേ അവർ ഞങ്ങൾക്ക് കൃത്യസമയത്ത് ശമ്പളം പോലും നൽകുന്നില്ല. ജീവനക്കാരെ മാറ്റുമെന്ന് കമ്പനി ഇപ്പോൾ ഞങ്ങളോട് പറയുന്നു, പക്ഷേ ഞങ്ങൾക്ക് ഒരു ബോണസും നൽകില്ല" പ്രതിഷേധിക്കുന്ന ജീവനക്കാരിൽ ഒരാൾ പറഞ്ഞു. ശ്രീസായി, ദത്തർ കമ്പനി എന്നിവിടങ്ങളിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ചുള്ള ബോണസ് കഴിഞ്ഞ ആഴ്ച തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി അവരിൽ ചിലർ അവകാശപ്പെട്ടു.
മറ്റ് ടോൾ പ്ലാസകളിൽ നിന്ന് ജീവനക്കാരെ കൊണ്ടുവന്ന് പ്രവർത്തനം തുടരാൻ ടോൾ മാനേജ്‌മെൻ്റ് ശ്രമിച്ചെങ്കിലും, പ്രതിഷേധക്കാർ തടഞ്ഞത് പ്രശ്നം വഷളാക്കി. പത്ത് മണിക്കൂർ നീണ്ടുനിന്ന സമരം ബോണസ് നൽകാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
Adjust Story Font
16

