ഇവിഎം വേണ്ട, ബാലറ്റ് പേപ്പർ മതി; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ആർജെഡി
പിന്തുണ തേടി മറ്റ് പ്രതിപക്ഷ കക്ഷികളെ കാണും- തേജസ്വി യാദവ്

- Published:
27 Jan 2026 4:26 PM IST

പട്‌ന: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ആർജെഡി. കഴിഞ്ഞ ദിവസം സമാപിച്ച ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ചയാവുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പണവും ഭരണസ്വാധീനവും ഉപയോഗിച്ച് ജനവിധി അട്ടിമറിക്കപ്പെടുകയാണെന്ന് പാർട്ടി ആരോപിച്ചു. തേജസ്വി യാദവിനെ പാർട്ടി വർക്കിംഗ് പ്രസിഡന്റായും നാഷ്ണൽ എക്‌സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തിരുന്നു.
വിഷയത്തിൽ പിന്തുണ തേടി മറ്റ് പ്രതിപക്ഷ കക്ഷികളെ കാണുമെന്നും ആർജെഡിയെ ദേശിയ പാർട്ടിയാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം സംസാരിച്ച തേജസ്വി യാദവ് പറഞ്ഞു. പാർട്ടി പ്രവർത്തനം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. 2010 ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ആർജെഡിയുടെ ദേശിയ പാർട്ടി സ്ഥാനം നഷ്ടമായത്. ബിഹാർ, ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അംഗീകാരമുണ്ടായിരുന്ന ആർജെഡിക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത് ജാർഖണ്ഡിലെ മോശം പ്രകടനത്തെത്തുടർന്നായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം വോട്ടിങ് മെഷീനിലെ തിരിമറിയാണെന്ന് ആർജെഡി ആരോപിച്ചിരുന്നു. 243 അംഗ നിയമസഭയിൽ 25 സീറ്റിലേക്കാണ് ആർജെഡി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടിങ് മെഷീനുകളിൽ 25,000 വോട്ടുകൾ പോൾ ചെയ്തിരുന്നു. ആർജെഡി മുൻ സംസ്ഥാന പ്രസിഡന്റ് ജഗ്ദാനന്ദ് സിംഗ് ആരോപിച്ചു. എന്നാൽ, ആർജെഡിയുടെ ആരോപണം തെരഞ്ഞൈടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് പോൾ ചെയ്യുക എന്നത് അസാധ്യമാണെന്നും ആർജെഡിയുടെ പോളിങ് ഏജന്റുമാർ ഒപ്പിട്ട് നൽകിയ രേഖകൾക്ക് വിരുദ്ധമാണ് ആർജെഡിയുടെ ആരോപണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
Adjust Story Font
16
