'ഇന്ത്യയിലേക്ക് മടങ്ങുമെന്ന് എന്താണുറപ്പ്, മാതൃരാജ്യവുമായി ദൃഢബന്ധം കാണുന്നില്ല'; ഇന്ത്യൻ വിദ്യാർഥിയുടെ വിസ നിരസിച്ച് യുഎസ്
കൊളംബിയ യൂണിവേഴ്സിറ്റിയിൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഒരു ലക്ഷം ഡോളർ സ്കോളർഷിപ്പ് നേടിയതിനാലാണ് 27കാരനായ കൗശിക് യുഎസ് വിസയ്ക്ക് അപേക്ഷിച്ചത്

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയുടെ വിസ നിരസിച്ച് അമേരിക്ക. അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നും അമേരിക്കയിൽ തുടരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചതെന്ന് വിദ്യാർഥി വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അപേക്ഷാ പ്രക്രിയയിൽ താൻ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്നും തന്റെ മുഴുവൻ കുടുംബവും ഇന്ത്യയിലാണ് താമസിക്കുന്നതെന്നും വിദ്യാർഥിയായ കൗശിക് രാജ് വ്യക്തമാക്കി. എന്നാൽ കൗശിക്കിന് മാതൃരാജ്യവുമായി ദൃഢബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചത്.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഒരു ലക്ഷം ഡോളർ സ്കോളർഷിപ്പ് നേടിയതിനാലാണ് 27കാരനായ കൗശിക് യുഎസ് വിസയ്ക്ക് അപേക്ഷിച്ചത്. അപേക്ഷകർ സാധാരണയായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഒരു താൽക്കാലിക സന്ദർശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് സൂചിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളുണ്ടെന്ന് തെളിയിക്കണം.
യുഎസിലേക്കുള്ള യാത്രയ്ക്ക് ശേഷം മാതൃരാജ്യത്തേക്ക് മടങ്ങാൻ നിർബന്ധിക്കുന്ന ബന്ധങ്ങൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ തെളിയിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ കൗശിക്കിനോട് പറഞ്ഞത്. വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും, എന്നാൽ വീണ്ടും അപേക്ഷിക്കണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കുകയും അഭിമുഖത്തിന് ഹാജരാകുകയും വേണമെന്നും, ഈ അപേക്ഷയ്ക്ക് ശേഷം തന്റെ സാഹചര്യങ്ങൾ എങ്ങനെ മാറിയെന്ന് വിശദീകരിക്കാൻ തയ്യാറാകണമെന്നും കൗശികികന് നൽകിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
യുഎസ് ഉദ്യോഗസ്ഥർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിന് ശേഷമാണ് അപേക്ഷ നിരസിച്ചതെന്നാണ് കരുതുന്നതെന്ന് കൗശിക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലെന്നും വിവാദ വിഷയങ്ങളെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും കൗശിക് രാജ് കൂട്ടിച്ചേർത്തു. എന്നാൽ എന്നാൽ വിസ നിരസിക്കൽ കത്തിൽ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കാരണമായതായി പരാമർശിച്ചിട്ടില്ല.
Adjust Story Font
16

