Quantcast

ഡൽഹി ധർമ സൻസദിൽ വിദ്വേഷ പ്രസംഗം നടന്നിട്ടില്ല; സുപ്രിംകോടതിയിൽ ഡൽഹി പൊലീസ്

ആവിഷ്‌കാര സ്വാതന്ത്ര്യം ഉദ്ധരിച്ചാണ് ഡൽഹി പൊലീസ് മറുപടി നൽകിയത്

MediaOne Logo

Web Desk

  • Published:

    14 April 2022 5:55 AM GMT

ഡൽഹി ധർമ സൻസദിൽ വിദ്വേഷ പ്രസംഗം നടന്നിട്ടില്ല; സുപ്രിംകോടതിയിൽ ഡൽഹി പൊലീസ്
X

ന്യൂഡൽഹി: ഡിസംബർ 19ന് ഡൽഹിയിൽ നടന്ന ധർമ സൻസദിൽ വിദ്വേഷ പ്രസംഗങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. ഇത് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിച്ചെന്നും പൊലീസ് സുപ്രിംകോടതിയെ അറിയിച്ചു.

'പരാതിക്കാർ ഉന്നയിച്ചതു പോലെ ഡൽഹിയിൽ നടന്നത് വിദ്വേഷ പ്രസംഗമായിരുന്നില്ല. മുസ്‌ലിം സമുദായത്തെ വംശീയ ഉന്മൂലനം നടത്തണമെന്നുള്ള വാക്കുകൾ അതിലുണ്ടായിരുന്നില്ല. ഏതെങ്കിലും സമുദായത്തിനെതിരെയുള്ള വിദ്വേഷ പരാമർശങ്ങൾ വീഡിയോയിൽ ഇല്ലെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.'- ഡൽഹി പൊലീസ് വ്യക്തമാക്കി.

പരിപാടിയുമായി ബന്ധപ്പെട്ട് ജനുവരി 12നാണ് സുപ്രിം കോടതി ഉത്തരാഖണ്ഡ്, കേന്ദ്ര സർക്കാറുകൾ, ഡൽഹി പൊലീസ് എന്നിവരിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ടത്. പട്‌ന ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് അഞ്ജന പ്രകാശ്, മാധ്യമപ്രവർത്തകൻ ഖുർബാൻ അലി എന്നിവരാണ് വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രിം കോടതിയെ സമീപിച്ചത്.

ഡിസംബർ 17ന് യതി നരസിംഹാനന്ദ് ഹരിദ്വാറിലും 19ന് ഹിന്ദു യുവവാഹിനി ഡൽഹിയിലും നടത്തിയ ധർമ സൻസദിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമുണ്ടായി എന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ ഡല്‍ഹി പരിപാടിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലമാണ് പൊലീസ് സമര്‍പ്പിച്ചത്.

കോടതി നിർദേശത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉദ്ധരിച്ചാണ് ഡൽഹി പൊലീസ് മറുപടി നൽകിയത്. 'യോഗത്തിന്റെ പൊതുസന്ദേശത്തിൽ നിന്ന് ഭിന്നമായി ഏതെങ്കിലും ഒറ്റപ്പെട്ട വാചകങ്ങൾ ചൂണ്ടിക്കാട്ടുകയാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സഹിഷ്ണുതയുണ്ടായിരിക്കണം. അസഹിഷ്ണുത ജനാധിപത്യത്തിന് അപകടകരമാണ്. മറ്റൊരു സമുദായത്തിന്റെ താത്പര്യങ്ങളെ ഹനിക്കാത്തിടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കേസിൽ പൊതുതാത്പര്യങ്ങൾ അപകടപ്പെട്ടിട്ടില്ല' - സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS :

Next Story