Quantcast

ജ്യോതി ബസുവിന് ഇന്ന് 107-ാം പിറന്നാൾ; ബംഗാൾ നിയമസഭയിൽ ആദരമർപ്പിക്കാനുണ്ടായത് തൃണമൂൽ, ബിജെപി എംഎൽഎമാർ മാത്രം

മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് ബംഗാൾ നിയമസഭയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു ഇന്ന്. എന്നാല്‍, 34 വര്‍ഷത്തോളം ബംഗാള്‍ അടക്കിവാണ ഇടതുപക്ഷത്തിന് തങ്ങളു‍ടെ പ്രിയനേതാവിന് ആദരമര്‍പ്പിക്കാന്‍ സഭയ്ക്കകത്ത് ഒരൊറ്റ അംഗം പോലുമുണ്ടായില്ലെന്നത് കൗതുക്കക്കാഴ്ചയായി

MediaOne Logo

Web Desk

  • Published:

    8 July 2021 10:39 PM IST

ജ്യോതി ബസുവിന് ഇന്ന് 107-ാം പിറന്നാൾ; ബംഗാൾ നിയമസഭയിൽ ആദരമർപ്പിക്കാനുണ്ടായത് തൃണമൂൽ, ബിജെപി എംഎൽഎമാർ മാത്രം
X

രണ്ടു പതിറ്റാണ്ടിലേറെക്കാലം ബംഗാള്‍ അടക്കിഭരിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് ജ്യോതി ബസു. ബംഗാള്‍ വിപ്ലവനക്ഷത്രത്തിന്റെ 107-ാം ജന്മദിന വാര്‍ഷികദിനമാണിന്ന്. എന്നാൽ, വിടപറഞ്ഞ് ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴേക്കും നിയമസഭയ്ക്കകത്ത് ആ നേതാവിന് ജന്മദിന ആദരം നേരാൻ ഒരൊറ്റ അംഗം പോലുമില്ലാത്ത സ്ഥിതിയിലേക്ക് ആപതിച്ചിരിക്കുകയാണ് ബംഗാളിലെ ഇടതുമുന്നണി.

മുൻ ബംഗാൾ മുഖ്യമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് ബംഗാൾ നിയമസഭയിൽ ആദരസൂചകമായി പ്രത്യേക ചടങ്ങ് നടന്നിരുന്നു. സിപിഎമ്മിന്റെ ബദ്ധവൈരികളായ തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും എംഎൽഎമാരായിരുന്നു ബസുവിന് ആദരമർപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഫോട്ടോയില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു എതിരാളികളായ നിയമസഭാ സാമാജികര്‍.

ചടങ്ങിൽ സിപിഎമ്മിനു കുത്തുവാക്കുകളുമായാണ് മുതിർന്ന തൃണമൂൽ നേതാവ് മദൻ മിത്ര സംസാരിച്ചത്. 34 വർഷത്തോളം ബംഗാൾ ഭരിച്ച ഒരു പാർട്ടിക്ക് ഇപ്പോൾ നിയമസഭയിൽ അവരുടെ നേതാവിന്റെ ചിത്രത്തിൽ ആദരമര്‍പ്പിക്കാന്‍ ഒരു നേതാവ് പോലുമില്ലാത്ത അവസ്ഥയായെന്ന് മദൻ മിത്ര പരിഹസിച്ചു. ''വിധിയല്ലാതെ മറ്റെന്താണ്! ജ്യോതി ബസുവിന്റെ ജന്മദിനമാണിന്ന്. ഒരൊറ്റ ഇടത് നേതാവോ എംഎൽഎയോ ഇവിടെയില്ല. നമ്മളാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ ആദരമർപ്പിക്കുന്നത്. ഇടതുനേതാക്കൾ ഇവിടെ വരാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അവരെ തടയുമോ?'' മദൻ മിത്ര ചോദിച്ചു.

എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നതാണ് തങ്ങളുടെ സംസ്‌കാരമെന്നാണ് ചടങ്ങിൽ ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞത്. ആ സംസ്കാരം കാരണമാണ് ബസുവിന് നമ്മൾ ആദരമർപ്പിക്കുന്നത്. ജനങ്ങൾക്ക് ഇടത്-കോൺഗ്രസ്, ഐഎസ്എഫ് സഖ്യത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവർക്ക് സീറ്റുകളൊന്നും ലഭിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭയ്ക്ക് പുറത്ത് ഇടതുനേതാക്കൾ പ്രിയപ്പെട്ട നേതാവിന് ജന്മദിന ആദരമർപ്പിക്കാൻ മറന്നതൊന്നുമില്ല. ഇടതുമുന്നണി, കോൺഗ്രസ്, ഐഎസ്എഫ് കക്ഷികളുടെ സംയുക്തസഖ്യമായ സൻയുക്ത മോർച്ചയും മുൻമുഖ്യമന്ത്രിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ മുന്‍ പടനായകനെ അനുസ്മരിച്ചു. അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങുകളും നടന്നു.

നിയമസഭയിൽ നടന്ന ചടങ്ങിലേക്ക് ഇടതുനേതാക്കളെ വിളിക്കാത്തത്തിൽ സിപിഎം പരാതിയുന്നയിക്കുകയും ചെയ്തു. മുൻ കൊൽക്കത്ത മേയർ കൂടിയായ രാജ്യസഭാ അംഗം ബികാഷ് രഞ്ജൻ ഭട്ടാചാര്യയാണ് ബംഗാൾ സർക്കാരിനെ വിമർശിച്ചത്. ജ്യോതി ബസുവിന് ആദരമർപ്പിക്കാൻ സ്പീക്കർക്ക് ഇടതുനേതാക്കളെ ക്ഷണിക്കാമായിരുന്നുവെന്ന് ഭട്ടാചാര്യ പരിഭവപ്പെട്ടു. അടിസ്ഥാനപരമായ കടപ്പാടാണത്. അതിന് പ്രത്യേകം ഓർമപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലെന്നും ബികാഷ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.

TAGS :

Next Story