Quantcast

കോൺഗ്രസിന്റെ ചെങ്കോട്ട പ്രതിഷേധത്തിന് വിലക്ക്: മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിൽ

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ഇന്ന് 7 മണിയോടെയാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-28 14:30:35.0

Published:

28 March 2023 1:50 PM GMT

No permission for Congresss Red Fort protest
X

കോൺഗ്രസിന്റെ ചെങ്കോട്ട പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധത്തിനെത്തിയ മുതിർന്ന നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

മുൻകൂട്ടി അനുമതി വാങ്ങിയില്ല എന്ന് കാട്ടിയാണ് ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ചെങ്കോട്ടയിൽ നിന്ന് രാജ്ഘട്ടിലേക്ക് പന്തം കൊളുത്തി പ്രകടനമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ഇത് ഡൽഹി പൊലീസിനെ അറിയിച്ചതുമാണ് എന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ ഈ പ്രദേശത്ത് നിലവിൽ അനുമതി നൽകുക സാധ്യമല്ലെന്നും ജാഥ കടന്നുപോകുന്ന പല സ്ഥലങ്ങളിലും നിരോധനാജ്ഞയുള്ളതിനാൽ കൂട്ടം കൂടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജെ.പി അഗർവാൾ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ഇന്ന് 7 മണിയോടെയാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. നാളെ ആരംഭിക്കാനിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നോടിയായിട്ടായിരുന്നു പന്തം കൊളുത്തി ജാഥ. ഇതിനായി കേരളത്തിൽ നിന്നടക്കമുള്ള എം.പിമാരോട് ഡൽഹിയിൽ തങ്ങാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു.

അതേസമയം, പൊലീസിന്റെ വിലക്കുകൾക്കിടയിലും നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ ചെറുസംഘങ്ങളായി രാജ്ഘട്ടിലേക്ക് നടക്കുകയാണ്. കറുത്ത വസ്ത്രമണിഞ്ഞെത്തുന്നവരെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതറിഞ്ഞ പ്രവർത്തകരിൽ പലരും കറുപ്പ് വസ്ത്രമുപേക്ഷിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കളായ ജയറാം രമേശ് അടക്കമുള്ളവർ കറുപ്പ് വസ്ത്രമണിഞ്ഞ് തന്നെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

പൊലീസ് വിലക്ക് അവഗണിച്ചും പ്രവർത്തകർ രാജ്ഘട്ടിലേക്ക് യാത്ര തുടങ്ങിയതോടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

TAGS :

Next Story