'ചുവപ്പും പച്ചയും കാത്തിരിപ്പും ഇല്ല'; ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ നഗരം ഇതാണ്...
മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കും ചുവന്ന സിഗ്നലുകൾക്ക് മുന്നിലെ അക്ഷമയോടെയുള്ള കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഈ പേരുകേട്ട നഗരം

Photo | Special Arrangement
ന്യൂഡൽഹി: അമേരിക്കന്‍ നഗരമായ ഒഹയോയിലെ ക്ലീവ്‌ലാന്റിലെ യൂക്ലിഡ് അവന്യുവിൽ 1914 ആഗസ്റ്റ് അഞ്ചിനാണ് ആദ്യമായി ഇലക്ട്രിക് ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നത്. ജെയിംസ് ഹോഗ് ആണ് ഇത് രൂപകൽപ്പന ചെയ്തത്. എന്നാൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കുകൾക്കും ചുവന്ന സിഗ്നലുകൾക്ക് മുന്നിലെ അക്ഷമയോടെയുള്ള കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഈ പേരുകേട്ട നഗരം.
രാജ്യത്തിന്റെ കോച്ചിങ് തലസ്ഥാനം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്മാർട്ടർ അർബൻ മൊബിലിറ്റിയിലേക്കുള്ള ഒരു വിപ്ലവകരമായ നീക്കത്തിൽ പൂർണമായും ട്രാഫിക് ലൈറ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി ചരിത്രത്തിലാണ് കോട്ട ഇടം നേടിയിരിക്കുന്നത്.
ഈ നേട്ടം കേവലം ഒരു അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, നൂതനമായ നഗര ആസൂത്രണത്തിന്റെ വിജയഗാഥ കൂടിയാണ്. ഇടതൂർന്ന ജനസംഖ്യയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ തിരക്കും കാരണം കോട്ടയിൽ ഗതാഗതക്കുരുക്ക് ഒരു നിത്യപ്രശ്നമായിരുന്നു. എന്നാൽ കോട്ടയിലെ അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് (യുഐടി), നഗര ആസൂത്രണത്തിൽ ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിച്ചുകൊണ്ട് ഈ പരിവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു.
ജനസംഖ്യാ സാന്ദ്രതയ്ക്കിടയിലും തടസിമില്ലാതെ ഗതാഗത സംവിധാനങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന പുത്തൻ സജ്ജീകരണങ്ങളാണ് കോട്ടയുടെ അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. പരസ്പരം ബന്ധിപ്പിക്കുന്ന റിങ് റോഡുകളുടെ ഒരു ശൃംഖല തന്നെ അവർ വികസിപ്പിച്ചു. തിരക്കുള്ള റോഡുകളിൽ നിന്നും വാഹനയാത്രികർക്ക് ബൈസ്പാസ് ചെയ്ത് മറ്റ് റോഡുകളിലേക്ക് കയറാം. ഇത് യാത്രാസമയം കുറയ്ക്കുമെന്നത് മാത്രമല്ല നഗരത്തിലെ ഗതാഗതം സുഗമമാക്കുകയും ചെയ്യും.
യാത്രക്കാർക്ക് ആശ്വാസമായി രണ്ട് ഡസനുകളിലധികം ഫ്ലൈഓവറുകൾ, അണ്ടർപാസേജുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. അതും പ്രധാന ഇന്റർസെക്ഷനുകളിലാണ് ഇവ നിർമിച്ചിട്ടുള്ളത്. ഗതാഗത കുരുക്കും സമയനഷ്ടവും സംഭവിക്കില്ലെന്ന് മാത്രമല്ല ഈ മാറ്റങ്ങളിലൂടെ അപകടങ്ങളുടെ എണ്ണം കുറയുകയും അനാവശ്യമായുള്ള ഇന്ധനനഷ്ടത്തിനും പരിഹാരവുമാകും.
Adjust Story Font
16

