Quantcast

ഹസ്തദാന വിവാദം: വൈശാലിയോട് നേരിട്ട് മാപ്പ് പറഞ്ഞ് യാകുബ്ബോവ്, പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു

സംഭവിച്ച കാര്യങ്ങൾ മനസിലാക്കുന്നുവെന്നും, വിഷമിക്കേണ്ടതില്ലെന്നും വൈശാലി യാകുബ്ബോവിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    31 Jan 2025 4:23 PM IST

ഹസ്തദാന വിവാദം: വൈശാലിയോട് നേരിട്ട് മാപ്പ് പറഞ്ഞ് യാകുബ്ബോവ്, പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു
X

ആംസ്റ്റർഡാം : ചെസ് മത്സരത്തിനിടെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാത്തതിൽ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ്. പൂക്കളും ചോക്ലേറ്റും കൈമാറിയാണ് യാകുബ്ബോവ് ഖേദം പ്രകടിപ്പിച്ചത്. ഹസ്തദാനത്തിനായി കൈ നീട്ടുന്ന വൈശാലിയെ യാകുബ്ബോവ് അവഗണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യപാകമായി പ്രചരിച്ചിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ നാലാം റൗണ്ടിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. മത്സരത്തിനെത്തിയ യാകുബ്ബോവിന് നേരെ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും താരം അവഗണിക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വംശീയ വിദ്വേഷം മൂലമാണ് താരം ഹസ്തദാനം നല്കാത്തതെന്നും വിമർശനം ഉണ്ടായിരുന്നു.

എന്നാൽ മതപരമായ കാരണങ്ങളാൽ അന്യസ്ത്രീകളെ തൊടാറില്ലെന്നായിരുന്നു യാകുബ്ബോവ് നൽകിയ വിശദീകരണം. അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും സഹോദരനോടും ബഹുമാനം ഉണ്ടെന്നും പറഞ്ഞ താരം, ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് നേരിട്ടെത്തി സമ്മാനങ്ങൾ കൈമാറിയത്. സഹോദരൻ ആർ പ്രഗ്നാനന്ദയ്ക്കും അമ്മ നാഗലക്ഷ്മിക്കുമൊപ്പമാണ് വൈശാലി യാകുബ്ബോവിനെ കണ്ടത്.

തൻ്റെ പ്രവൃത്തികൾ കാരണം ഉണ്ടായ അസുഖകരമായ അവസ്ഥയിൽ ഖേദം പ്രകടിപ്പിക്കുന്നതായി യാകുബ്ബോവ് പറയുന്നതായി വിഡിയോയിൽ കാണാം. വൈശാലി ക്ഷമാപണം സ്വീകരിക്കുകയും സംഭവിച്ച കാര്യങ്ങളിൽ വിഷമം തോന്നരുതെന്ന് പറയുകയും ചെയ്യുന്നുണ്ട്. സംഭവിച്ച കാര്യങ്ങൾ മനസിലാക്കുന്നുവെന്നും, വിഷമിക്കേണ്ടതില്ലെന്നും വൈശാലി താരത്തിനോട് പറഞ്ഞു. വൈശാലിക്കും പ്രഗ്നാനന്ദയ്ക്കും ആശംസകൾ നേർന്നാണ് യാകുബ്ബോവ് മടങ്ങിയത്.

TAGS :

Next Story