മെച്ചപ്പെട്ട ജോലിക്കായി ഐടി എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചു; ഫ്ലാറ്റിന്‍റെ ഇഎംഐ അടയ്ക്കാൻ ഇപ്പോൾ റാപ്പിഡോ ഡ്രൈവര്‍
പ്രദേശത്തെ ഫ്ലാറ്റുകൾക്ക് സാധാരണയായി ഒരു കോടി മുതൽ രണ്ട് കോടി വരെ വിലവരും

Representational Image
നോയിഡ: ജോലി സമ്മര്‍ദം, തുച്ഛമായ ശമ്പളം അങ്ങനെ മറ്റ് പല കാരണങ്ങൾ കൊണ്ടായിരിക്കും പലരും ജോലി ഉപേക്ഷിക്കുന്നത്. എന്നാൽ മറ്റൊരു ജോലി ഉറപ്പാക്കാതെ ഒരിക്കലും നിലവിലുള്ള ജോലി ഉപേക്ഷിക്കരുതെന്നാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പറയുന്നത്. ടെക് ലോകത്തിലെ വഷളായിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് നോമാഡിക് തേജു എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോ.
ഐടി എഞ്ചിനീയറായ സുഹൃത്ത് രണ്ട് മാസമായി ജോലിയില്ലാതെ വലയുകയാണെന്നും ഇപ്പോൾ ഭവന വായ്പ ഇഎംഐ അടയ്ക്കാൻ നോയിഡയിൽ റാപ്പിഡോയിൽ പാർട്ട് ടൈം ഡ്രൈവറുടെ ജോലി ചെയ്യുകയുമാണെന്നാണ് തേജു വീഡിയോയിൽ വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജോലി ഉപേക്ഷിച്ച തന്റെ സുഹൃത്തിന്റെ ജീവിതം എങ്ങനെ കീഴ്മേൽ മറിഞ്ഞു എന്ന് വിവരിക്കുന്ന വീഡിയോയാണ് നോമാഡിക് തേജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പ്രദേശത്തെ ഫ്ലാറ്റുകൾക്ക് സാധാരണയായി ഒരു കോടി മുതൽ രണ്ട് കോടി വരെ വിലവരും. വാടക പോലും പ്രതിമാസം 30,000-35,000 വരെയാണെന്ന് അദ്ദേഹം ക്ലിപ്പിൽ വിശദീകരിക്കുന്നു.
ഈ അപ്പാർട്ടുമെന്‍റുകളിലൊന്നിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തന്റെ സുഹൃത്ത് മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ജോലി ഉപേക്ഷിച്ചുവെന്നും എന്നാൽ നിയമനത്തിലെ മാന്ദ്യം അദ്ദേഹത്തിന് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, പ്രദേശത്തെ സ്വന്തം അപ്പാർട്ട്മെന്റ് വാടകയ്ക്ക് കൊടുത്ത് മറ്റൊരു വാടക ഫ്ലാറ്റിലേക്ക് മാറേണ്ടി വന്നതായും തേജു പറയുന്നു. നിര്‍മിത ബുദ്ധിയുടെ കടന്നുവരവും തൊഴിലുകൾ ഇല്ലാതാക്കുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
"ഇതൊരു തുടക്കം മാത്രമാണ്. ആളുകൾ ഇപ്പോൾ മാത്രമാണ് ഈ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാകാൻ തുടങ്ങിയിരിക്കുന്നത്. ഇതിനകം തന്നെ ധാരാളം ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്, ഭാവിയിൽ ഇതിലും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടും. സമൂഹത്തെ വളരെയധികം ബാധിക്കുന്ന ഒരു വലിയ മാറ്റമായിരിക്കും ഇത്," ഒരു ഉപയോക്താവ് എഴുതി. വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീര്‍ച്ചയായും ഒരിക്കലും രണ്ടാമതൊന്ന് ആലോചിക്കരുതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Adjust Story Font
16

