ഐഫോണിന് പകരം ലഭിച്ചത് ഐക്യുഒ ഫോൺ; ആമസോണിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഉപഭോക്തൃ കോടതി
12 ശതമാനം പലിശയോടെ മുഴുവൻ തുകയും, നഷ്ടപരിഹാരമായി 25,000 രൂപയും, വ്യവഹാര ചെലവുകൾക്കായി 10,000 രൂപയും നൽകണമെന്നും കുർണൂൽ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു

Photo| Special Arrangement
അമരാവതി: ഉപഭോക്തൃ പരാതിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ അവഗണിച്ചതിന് ആമസോണിനും പങ്കാളികളായ വിൽപ്പനക്കാർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കുർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തെറ്റായി വിതരണം ചെയ്ത ഉൽപ്പന്നം മാറ്റിസ്ഥാപിക്കുന്നതിനോ വാങ്ങിയ ആൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്.
കുർണൂൽ ജില്ലയിലെ സി ബെലഗൽ ഗ്രാമത്തിൽ താമസിക്കുന്ന കെ. വീരേഷ് എന്ന വ്യക്തി 2024 സെപ്റ്റംബർ 29 ന് ആമസോൺ വഴി 79,900 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 15 പ്ലസ് ഓർഡർ നൽകുകയും എന്നാൽ പകരമായി ലഭിച്ചത് ഒരു ഐക്യുഒ നിയോ 9 പ്രോയും. എന്നാൽ ആമസോണോ ക്ലിക്ക്ടെക് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ത്രിലോകേശ്വർ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇടനിലക്കാരോ പ്രശ്നം പരിഹരിക്കുകയോ തുക തിരികെ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്ന് വീരേഷ് കർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ കോടതിയെ സമീപിക്കുകയായിരുന്നു.
2025 ജൂൺ 16 ലെ ഉത്തരവിൽ, ഫോൺ മാറ്റിസ്ഥാപിക്കുകയോ 12 ശതമാനം പലിശയോടെ മുഴുവൻ തുകയും തിരികെ നൽകുകയോ ചെയ്യണമെന്ന് ഫോറം ആമസോണിനോടും വിൽപ്പനക്കാരോടും നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപരിഹാരമായി 25,000 രൂപയും വ്യവഹാര ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, കമ്പനികൾ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. 2025 ഒക്ടോബർ 22-ന് ആമസോണിനും പങ്കാളിക്കുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്ത പക്ഷം കമ്പനികളുടെ ഉത്തരവാദിത്തപ്പെട്ടവർക്ക് അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 2025 നവംബർ 21-ന് കോടതി വീണ്ടും വാദം കേൾക്കും.
നേരത്തെ, ഒക്ടോബർ 13-ലെ ഉത്തരവിൽ, ആമസോൺ 61,990 രൂപ തിരികെ നൽകണമെന്നും, മാനസിക പീഡനത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും, വ്യവഹാര ചെലവുകൾക്കായി 7,500 രൂപയും, പണമടച്ച തീയതി മുതൽ 9 ശതമാനം വാർഷിക പലിശയും നൽകണമെന്നും ഉപഭോക്തൃ ഫോറം നിർദ്ദേശിച്ചിരുന്നു.
Adjust Story Font
16

