തിരുപ്പതി ദേവസ്ഥാനത്തുനിന്ന് അഹിന്ദുക്കളെ പുറത്താക്കണം: കേന്ദ്ര മന്ത്രി ബന്ദി സഞ്ജയ്കുമാർ
ഹിന്ദു മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ ടിടിഡിയിൽ ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

തിരുപ്പതി: തിരുപ്പതി ദേവസ്ഥാനത്ത് (ടിടിഡി) അഹിന്ദുക്കൾ ജോലി ചെയ്യുന്നതിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി ബന്ദി സഞ്ജയ്കുമാർ. തിരുപ്പതി ദേവസ്ഥാനത്ത് എങ്ങനെയാണ് അഹിന്ദുക്കൾക്ക് ജോലി ലഭിച്ചതെന്ന് മന്ത്രി ചോദിച്ചു. സർക്കാരും ഭരണവും മാറിയിട്ടും അഹിന്ദുക്കൾ എങ്ങനെയാണ് ഇവിടെ തുടരുന്നത്? ആയിരത്തിലധികം അഹിന്ദുക്കൾ തിരുപ്പതി ദേവസ്ഥാനത്ത് ജോലി ചെയ്യുന്നതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്? അഹിന്ദുക്കളെ എത്രയും വേഗം ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെ സഹായിക്കാൻ ടിടിഡി ഫണ്ട് അനുവദിക്കണം. അടിസ്ഥാനപരമായ ആചാരങ്ങൾക്ക് പോലും പണമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ഹിന്ദു മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ ടിടിഡിയിൽ ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
മസ്ജിദുകളിലോ ചർച്ചുകളിലോ കുറിയിട്ട ഒരു ഹിന്ദുവിനെ നിയമിക്കുമോ? ഇല്ല, അവർ ഒരിക്കലും അത് ചെയ്യില്ല. പിന്നെ എന്തിനാണ് ഹിന്ദുക്കളല്ലാത്തവർക്ക് ടിടിഡിയിൽ ജോലി നൽകുന്നത്? സർക്കാർ മാറിയതിന് ശേഷവും ഈ രീതി തുടരുന്നത് ശരിയല്ല. അവരെ ഉടനടി നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Adjust Story Font
16

