'ഓൺലൈനിലും നോൺ-വെജ് വേണ്ട'; അയോധ്യ രാമക്ഷേത്രത്തിനടുത്ത് മാംസാഹാരത്തിന് വിലക്ക്
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം

Ayodhya | Photo | News9live
അയോധ്യ: രാമക്ഷേത്ര പരിസരത്തും 'പാഞ്ച്‌കോസി പരിക്രമ' യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും നോൺ- വെജ് ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ. നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇവിടങ്ങളിൽ മാംസാഹാരം വിതരണം ചെയ്യാൻ പാടില്ല.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. അയോധ്യയിലും പരിസരത്തും എത്തുന്ന സഞ്ചാരികൾ ഓൺലൈൻ വഴി മാംസാഹാരം ഓർഡർ ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവിടങ്ങളിൽ ഹോട്ടൽ, റസ്റ്ററന്റുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്‌റ്റേകൾ എന്നിവക്ക് നിലവിൽ മാംസാഹാര വിലക്കുണ്ട്. കഴിഞ്ഞ മേയ് മുതലാണ് മദ്യത്തിനും മാംസാഹാര വിൽപ്പന നടത്തുന്ന കടകൾക്കും വിലക്കേർപ്പെടുത്തിയത്.
അടുത്തിടെ പഞ്ചാബ് സർക്കാരും സമാനമായ തീരുമാനമെടുത്തിരുന്നു. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം പൂർണമായി പുണ്യനഗരിയായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉൾപ്പെടെ നിരോധിച്ചാണ് ഉത്തരവ്. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന അമൃത്സർ, ശ്രീ അനന്ദപൂർ സാഹിബ്, തൽവണ്ടി സാബോ എന്നിവയെയാണ് പുണ്യ നഗരികളായി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചത്.
Adjust Story Font
16

