ഹൃദയാഘാതമല്ല, കൊലപാതകം!; ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി യുവതി, ചുരുളഴിച്ചത് മൊബൈൽ ഫോൺ
ഭർത്താവിന് പെട്ടെന്ന് അസുഖം ബാധിച്ചെന്നും കിടക്കയിൽ കിടന്ന് മരിച്ചെന്നുമാണ് ഇൽമ കുടുംബത്തെ അറിയിച്ചത്. ഹൃദയാഘാതമാണെന്ന് കരുതി കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് യുവതി പൊലീസ് നിരീക്ഷണത്തിൽ. ഭർത്താവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ചാറ്റുകളാണ് സംഭവത്തിൽ നിർണായക വഴിത്തിരിവായത്. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
മീററ്റിലെ ലോഹിയ നഗറിലാണ് സംഭവം. 30കാരനായ താലിബും 27കാരിയായ ബ്യൂട്ടീഷൻ ഇൽമയും നാല് വർഷമായി വിവാഹിതരായിരുന്നു. ഇവർക്ക് മൂന്ന് വയസുള്ള മകളുമുണ്ട്.സെപ്റ്റംബർ 28ന് താലിബിനെ മർദിച്ച ശേഷം ഇൽമ കാമുകനായ അമനെ വിളിച്ചതായാണ് പൊലീസ് പറയുന്നത്. അമൻ സുഹൃത്തിനൊപ്പം വീട്ടിലെത്തുകയും മൂവരും ചേർന്ന് താലിബിനെ മർദിക്കുകയും ചെയ്തു. തുടർന്ന് അമൻ ചുന്നി (ദുപ്പട്ട) ഉപയോഗിച്ച് താലിബിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഭർത്താവിന് പെട്ടെന്ന് അസുഖം ബാധിച്ചെന്നും കിടക്കയിൽ കിടന്ന് മരിച്ചെന്നുമാണ് ഇൽമ കുടുംബത്തെ അറിയിച്ചത്. ഹൃദയാഘാതമാണെന്ന് കരുതി കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് മരണത്തിൽ സംശയം തോന്നി. ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ് വീട്ടിലെത്തിയപ്പോൾ ഇൽമ ഒളിപ്പിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി. ഫോണിലെ താലിബും അമനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
അമനോട് ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് ആവശ്യപ്പെട്ടിരുന്നതായും ചാറ്റിൽ കണ്ടെത്തി. തുടർന്ന് കുടുംബം ഇൽമയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തെക്കുറിച്ച് സമ്മതിച്ചതായാണ് റിപ്പോർട്ട്.
താലിബിനെ കൊലപ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് അമൻ വാഗ്ദാനം ചെയ്തിരുന്നതായും ഇൽമ മൊഴി നൽകിയതായി പൊലീസ് പറയുന്നു. അതേസമയം, ഭർത്താവ് തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നും ഇൽമ ആരോപിച്ചു.
സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

