Quantcast

വിവാഹാനുമതിയില്ല; റോബിന്‍റെയും ഇരയുടെയും ഹരജികള്‍ സുപ്രീംകോടതി തള്ളി

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയുടെയും ഇരയുടെയും ഹരജികള്‍ സുപ്രീംകോടതി തള്ളി. ഹരജിക്കാര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് രണ്ടംഗ ബെഞ്ച് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-08-02 09:00:53.0

Published:

2 Aug 2021 1:38 PM IST

വിവാഹാനുമതിയില്ല; റോബിന്‍റെയും ഇരയുടെയും ഹരജികള്‍ സുപ്രീംകോടതി തള്ളി
X

കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളിയായ ഫാദർ റോബിൻ വടക്കുംചേരി നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വിവാഹ ആവശ്യവുമായി പെൺകുട്ടി നൽകിയ ഹരജിയും കോടതി തള്ളിയിട്ടുണ്ട്. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് ഹരജികൾ പരിഗണിച്ചത്.

ഇരയെ വിവാഹം കഴിക്കാൻ ഒരുക്കമാണ്. ഇരയ്ക്ക് അതിന് സമ്മതമാണ്. അതുകൊണ്ട് വിവാഹം കഴിക്കാനും കുടുംബജീവിതം ആരംഭിക്കാനും അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി സുപ്രീംകോടതിയില്‍ ഹരജി നൽകിയത്. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും ഹരജി സമര്‍പ്പിച്ചു. ഇരുഹരജികളുമാണ് കോടതി ഇന്നു പരിഗണനയ്ക്കെടുത്തത്.

ആദ്യം ഇരയാണ് കോടതിയിൽ വാദം അവതരിപ്പിച്ചത്. റോബിന്റെ ആവശ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ വിധിയിൽ പ്രശ്‌നമുണ്ടെന്ന് പെണ്‍കുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് വിവാഹം കഴിക്കേണ്ടതുണ്ട്. ആ അവകാശം നിഷേധിക്കുന്നതാണ് റോബിൻ വടക്കുംചേരിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിയെന്നും ഇര കോടതിയിൽ വാദിച്ചു. ഇതിനുശേഷം റോബിൻ വടക്കുംചേരി വാദം ആരംഭിച്ചു. പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നത് തന്റെ വൈവാഹിക ജീവിതം തടയുന്നതിനോ കുടുംബജീവിതം തടസപ്പെടുത്തുന്നതിനോ ന്യായമല്ലെന്ന് റോബിൻ വാദിച്ചു.

എന്നാൽ, വിഷയത്തിൽ ഇടപെടാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രിംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. മറ്റു കേസുകളെപ്പോലെ തന്നെ വേണമെങ്കിൽ ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. തുടക്കത്തില്‍ തന്നെ ഹരജികളില്‍ പ്രശ്നമുണ്ടെന്ന നിലപാടിലായിരുന്നു രണ്ടംഗ ബെഞ്ച്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിയെ 20 വർഷത്തെ കഠിന തടവിന് വിചാരണാ കോടതി ശിക്ഷിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി നേരത്തെ തള്ളിയ കോടതി ഗുരുതരമായ ആരോപണങ്ങളാണ് റോബിനെതിരെയുള്ളതെന്ന് നിരീക്ഷിച്ചിരുന്നു.

TAGS :

Next Story