'കശ്മീരികൾ എല്ലാവരും തീവ്രവാദികളല്ല, നിരപരാധികളെ ഇതിലേക്ക് വലിച്ചിഴക്കരുത്': ഉമർ അബ്ദുല്ല
ജമ്മു യൂണിവേഴ്സിറ്റിയുടെ 19ാമത് ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമർ അബ്ദുല്ല

ശ്രീനഗർ: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 ജീവൻ പൊലിഞ്ഞതിൽ അനുശോചനമറിയിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സംഭവത്തോടനുബന്ധിച്ചുണ്ടായ ആരോപണങ്ങളിൽ പ്രതികരിച്ച അദ്ദേഹം, കശ്മീരിലുള്ള എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ലെന്നും നിരപരാധികളെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും പറഞ്ഞു. ജമ്മു യൂണിവേഴ്സിറ്റിയുടെ 19ാമത് ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്ത് പറഞ്ഞാണ് ഇവരെ ആശ്വസിപ്പിക്കുകയെന്ന് അറിയില്ല. ഈയവസരത്തിൽ എന്തുതന്നെ പറഞ്ഞാലും അവരുടെ നഷ്ടം നികത്താൻ കഴിയുകയില്ല. നിരപരാധികളെ അരുംകൊല ചെയ്യാൻ ഒരു മതവും അനുവദിക്കുന്നില്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെ.' ജമ്മുകശ്മീരിലുള്ള ഒരാളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നിരപരാധികളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതിനായി എല്ലാകാലത്തും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകാറുണ്ട്. നിർഭാഗ്യവശാൽ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സംശയദൃഷ്ടിയോടെ നോക്കുന്നതിലൂടെ കശ്മീരിലെ മുസ്ലിംങ്ങളെല്ലാം തീവ്രവാദികളാണെന്ന പൊതുബോധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.' ഇത് ശരിയല്ലെന്നും ഇത്തരമൊരു മനോഭാവത്തിലൂടെ സമൂഹത്തിലെ സമാധാനന്തരീക്ഷം തിരികെകൊണ്ടുവരാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി സ്ഫോടനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്ഫോടനത്തിൽ പങ്കാളികളെന്ന് സംശയിക്കപ്പെടുന്ന ഡോക്ടർമാരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, മുമ്പും യൂണിവേഴ്സിറ്റി പ്രൊഫസർമാർ തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'മുമ്പും ഇത്തരത്തിൽ ഉണ്ടായതായി എനിക്കോർമയുണ്ട്. ജ്ഞാനികൾക്ക് തീവ്രവാദികളാകാൻ പാടില്ല എന്ന് എവിടെയും എഴുതിവെച്ചിട്ടൊന്നും ഇല്ലല്ലോ?'അദ്ദേഹം മറുപടി പറഞ്ഞു.
അതേസമയം, ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്. ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമർ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിൻറെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.
ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.
Adjust Story Font
16

