‘ഇന്ത്യക്കാരനെക്കാൾ പാകിസ്താനിയാണെന്നാണ് തോന്നുന്നത് ‘; സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് കങ്കണ
മംദാനിയുടെ സാംസ്കാരികവും മതപരവുമായ സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കങ്കണ എത്തിയത്

ഡൽഹി: ന്യൂയോർക്ക് സിറ്റി മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാൻ മംദാനിയെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. മംദാനിയുടെ സാംസ്കാരികവും മതപരവുമായ സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കങ്കണ എത്തിയത്. മിസ്റ്റർ മംദാനിയെ ഇന്ത്യക്കാരനേക്കാൾ പാകിസ്താനിയായി തോന്നുന്നുവെന്നായിരുന്നു കങ്കണ എക്സിൽ കുറിച്ചത്.
“അദ്ദേഹത്തിന്‍റെ അമ്മ മീര നായർ, പത്മശ്രീ നേടിയ മികച്ച സംവിധായകരിലൊരാളാണ്. അവർ വിവാഹം കഴിച്ചത് ഗുജറാത്ത് വംശജനും പ്രശസ്ത എഴുത്തുകാരനായ മെഹ്മൂദ് മംദാനിയെയാണ്. അവരുടെ മകന്‍റെ പേര് സൊഹ്‌റാൻ എന്നാണ്, അദ്ദേഹത്തിന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്ത് സംഭവിച്ചാലും അദ്ദേഹം ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു, ഇപ്പോൾ അദ്ദേഹം ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയ്യാറാണ്. എല്ലായിടത്തും ഇതേ കഥയാണ്,” കങ്കണ കുറിച്ചു. വ്യത്യസ്തമായ ഒരു കാര്യത്തിനായി മീര ജിയെ രണ്ടുതവണ കണ്ടുമുട്ടി. മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ പോസ്റ്റ് അവസാനിപ്പിച്ചത്.
നിലവിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാൻ 2020 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അസ്റ്റോറിയയെ പ്രതിനിധാനം ചെയ്ത് വരുന്നു. ഉഗാണ്ടയിൽ ജനിച്ച സൊഹ്‌റാൻ മംദാനി ഏഴാം വയസിലാണ് അമേരിക്കയിലേക്ക് താമസം മാറിയത്. 2018 ൽ യുഎസ് പൗരനായി. പാരമ്പര്യമായി ഒന്നാം തലമുറ ഗുജറാത്തി മുസ്‌ലിമായ മംദാനി ബൗഡോയിൻ കോളജിലെ പഠനകാലത്ത് ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടി വാദിച്ചത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളിൽ വളരെക്കാലമായി ശബ്ദമുയർത്തിവരുന്നു. അവിടെ അദ്ദേഹം സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ ചാപ്റ്റർ സഹസ്ഥാപകനാണ്.
Adjust Story Font
16

