Quantcast

ഹരിയാന സംഘര്‍ഷം ആസൂത്രിതം, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകും: വെളിപ്പെടുത്തലുമായി സത്യപാല്‍ മാലിക്

വ്യത്യസ്ത ഇടങ്ങളിലുണ്ടായ ആക്രമണങ്ങൾ വർഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നന്നായി ഏകോപിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-02 08:42:41.0

Published:

2 Aug 2023 8:41 AM GMT

Satya Pal Malik
X

സത്യപാല്‍ മാലിക്

ഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ നിന്നാരംഭിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച അക്രമം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വ്യത്യസ്ത ഇടങ്ങളിലുണ്ടായ ആക്രമണങ്ങൾ വർഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നന്നായി ഏകോപിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ അടക്കിനിർത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരിനെപ്പോലെ ചുട്ടെരിക്കുമെന്നും മാലിക് ചൂണ്ടിക്കാട്ടി.

''ആര്യസമാജത്തിന്‍റെ ആശയങ്ങളെ പിന്തുടരുന്നവരാണ് ജാട്ട് സമുദായക്കാര്‍. എന്നാല്‍ അവര്‍ കടുത്ത മതവിശ്വാസികളല്ല. ഈ പ്രദേശത്തെ മുസ്‍ലിംങ്ങളും അങ്ങനെയാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു ശേഷം രണ്ടു സമുദായങ്ങളും ഇങ്ങനെ ഏറ്റുമുട്ടിയതായി ആരും കേട്ടിട്ടില്ല.മണിപ്പൂര്‍ വ്യക്തമാക്കുന്നതു പോലെ 2024 വരെ ഈ ആക്രമണങ്ങള്‍ ഉണ്ടാകും'' ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന നാഷണല്‍ സെക്യൂരിറ്റി അഫയേഴ്സിന്‍റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പുൽവാമ, ബാലാകോട്ട് ആക്രമണങ്ങളെ കുറിച്ച് രണ്ട് പ്രമേയങ്ങളും പാസാക്കി.

''പുല്‍വാമ ആക്രമണത്തിനു ശേഷം വോട്ട് ചെയ്യുമ്പോള്‍ പുല്‍വാമയെ ഓര്‍ക്കാന്‍ മോദി ജനങ്ങളോട് പറഞ്ഞു. ഒരിക്കല്‍ കൂടി ഇക്കാര്യം നിങ്ങളോട് ഞാന്‍ പറയുന്നു. ഇത്തവണ നിങ്ങൾ വോട്ട് ചെയ്യുമ്പോൾ പുൽവാമയെ ഓർക്കുക,” മാലിക് പറഞ്ഞു.'' ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അത്രയും വലിയ സുരക്ഷാ മുന്‍കരുതലുകളുള്ള പുല്‍വാമയില്‍ ആര്‍ഡിഎക്സ് എങ്ങനെയെത്തി? സിആർപിഎഫ് ജവാന്മാർക്ക് എന്തുകൊണ്ടാണ് വിമാനം നിഷേധിച്ചത്? ഗവർണർ എന്ന നിലയിൽ, എനിക്ക് ഒരു ദിവസം മൂന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ലഭിക്കാറുണ്ടായിരുന്നു. പലതിലും എനിക്കെതിരെയോ ഓഫീസിനെതിരെയോ ആക്രമണമുണ്ടാകുമെന്നായിരുന്നു. റോഡിലൂടെ യാത്ര ചെയ്യരുതെന്നും ഹെലികോപ്ടറും മറ്റും ഉപയോഗിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന ഒരു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല'' ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ 11 ഇന്‍റലിജൻസ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുവെന്ന പ്രശാന്ത് ഭൂഷന്‍റെ പരാമര്‍ശത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് സമാനമായി 2024ല്‍ എന്തെങ്കിലും ആസൂത്രണം ചെയ്തേക്കാമെന്നും മാലിക് സൂചിപ്പിച്ചു. രാമക്ഷേത്രത്തിൽ സ്‌ഫോടനം നടക്കുകയോ ഏതെങ്കിലും ബി.ജെ.പി നേതാവ് കൊല്ലപ്പെടുകയോ ചെയ്യാനിടയുണ്ട്. അവർ അത്തരം കാര്യങ്ങൾ ചെയ്യും. എന്തുകൊണ്ടാണ് അജിത് ഡോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) ഇപ്പോൾ യു.എ.ഇയിൽ പതിവായി പോകുന്നത്? കുറച്ച് ദിവസം അവിടെ തങ്ങി തിരിച്ചു വന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. അവർ എന്താണ് ചെയ്യുന്നതെന്ന് ആളുകൾ അറിയണം, ”അദ്ദേഹം പറഞ്ഞു.

TAGS :

Next Story