Quantcast

'എഐ ചിത്രം പ്രചരിപ്പിച്ച് അപമാനിച്ചു'; യുവാവിനെക്കൊണ്ട് ബ്രാഹ്മണന്‍റെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചു,കേസെടുത്ത് പൊലീസ്

ക്ഷേത്രപരിസരത്ത് നടന്ന സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    13 Oct 2025 3:43 PM IST

എഐ ചിത്രം പ്രചരിപ്പിച്ച് അപമാനിച്ചു; യുവാവിനെക്കൊണ്ട് ബ്രാഹ്മണന്‍റെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചു,കേസെടുത്ത് പൊലീസ്
X

photo|ndtv

ഭോപ്പാൽ: മധ്യപ്രദേശിലെ ദോമോ ജില്ലയില്‍ താഴ്ന്ന ജാതിക്കാരനെക്കൊണ്ട് ബ്രാഹ്മണന്റെ കാലുകൾ കഴുകിയ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിപ്പിച്ചതായി പരാതി. കുശ്വാഹ വിഭാഗത്തില്‍പ്പെട്ട പർഷോത്തം എന്നയാളെക്കൊണ്ടാണ് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട അഞ്ജു പാണ്ഡെ എന്നയാളുടെ കാലുകള്‍ കഴുകിയ വെള്ളം കുടിപ്പിക്കാന്‍ ചിലര്‍ നിര്‍ബന്ധിച്ചതായാണ് പരാതി.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അഞ്ജു പാണ്ഡെ ചെരുപ്പുമാല ധരിച്ച് നില്‍ക്കുന്ന എഐ ചിത്രം പർഷോത്തം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് പറയപ്പെടുന്നത്. ഇതിന്‍റെ പ്രായശ്ചിത്തമായാണ് ബ്രാഹ്മണന്റെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആജ്ഞാപിച്ചതെന്നാണ് ആരോപണം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.... ഇരുവരും താമസിക്കുന്ന സതാരിയ ഗ്രാമത്തില്‍ മദ്യം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ അഞ്ജു പാണ്ഡെ നിരോധനം ലംഘിച്ച് മദ്യം വില്‍ക്കുന്നത് തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടുകയും ഗ്രാമവാസികള്‍ അയാളെ ശിക്ഷിക്കുകയും ചെയ്തു.പരസ്യമായി ക്ഷമാപണം നടത്താനും 2100 രൂപ പിഴ അടയ്ക്കാനുമായിരുന്നു ശിക്ഷ. ഇത് അഞ്ജുവും അംഗീകരിച്ചു.എന്നാല്‍ ഇതിനിടയിലാണ് പർഷോത്തം ചെരുപ്പ് മാല ധരിച്ച അഞ്ജു പാണ്ഡെയുടെ എഐ ചിത്രം നിര്‍മിച്ചത്. പോസ്റ്റ് ഡിലീറ്റാക്കി മാപ്പ് പറഞ്ഞെങ്കിലും പര്‍ഷോത്തം ചെയ്തത് ബ്രാഹ്മണ ജാതിക്കാരെ അപമാനിക്കുന്നതാണെന്ന് പരാതിയുയര്‍ന്നു.

ഗ്രാമത്തിലെ ഒരു ശിവക്ഷേത്രത്തിലേക്ക് പർഷോത്തമിനെ വിളിച്ചുവരുത്തുകയും അവിടെ ബ്രാഹ്മണ ജാതിക്കാർ അഞ്ജു പാണ്ഡെയുടെ പാദങ്ങൾ കഴുകി വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ബ്രാഹ്മണ ജാതിക്കാരായ പുരുഷന്മാരുടെയും ഏതാനും കുശ്വാഹ ജാതിക്കാരായ പുരുഷന്മാരുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നത്. ക്ഷേത്രപരിസരത്ത് നടന്ന സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അത് വൈറലാകുകയും ചെയ്തു.പർഷോത്തം ശിവലിംഗത്തിന് മുന്നിൽ മുട്ടുകുത്തുന്നതും, തന്റെ പ്രവൃത്തികൾക്ക് 5100 രൂപ പിഴ നല്‍കുന്നതും വിഡിയോയില്‍ കാണാം..

എന്നാല്‍ പരാതിയുമായി പർഷോത്തമോ അഞ്ജു പാണ്ഡെയോ രംഗത്തെത്തിയില്ല. സംഭവിച്ചതെല്ലാം ഗുരു-ശിഷ്യ ബന്ധത്തിന്റെ ഭാഗമാണെന്നും, ചിലർ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും ഇരുവരും പറയുന്ന വിഡിയോകളും പുറത്ത് വന്നിരുന്നു.എന്നാല്‍ കുശ്വാഹ ജാതിക്കാരനായ ശോഭ പ്രസാദ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

“അനുജ് എന്ന അഞ്ജു പാണ്ഡെ, കമലേഷ് പാണ്ഡെ, ബ്രജേഷ് പാണ്ഡെ, രാഹുൽ പാണ്ഡെ എന്നിവരുൾപ്പെടെ നാല് പേരെ എഫ്‌ഐആറിൽ പ്രതികളാക്കിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ദാമോ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രുത്കീർത്തി സോമവംശി പറഞ്ഞു. അനുജ് പാണ്ഡെയുടെ എഐ-നിർമ്മിത ചിത്രം പോസ്റ്റ് ചെയ്തതിന് പർഷോത്തം കുശ്വാഹയ്‌ക്കെതിരെ ഉടൻ കേസ് ഫയൽ ചെയ്തേക്കുമെന്നും ദാമോ ജില്ലാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story