വൈറലാകാൻ മുടിക്ക് ചുവപ്പ് നിറം നൽകി എയറിലായി പൊലീസ് ഉദ്യോഗസ്ഥൻ; 'റെഡ് അലേർട്ടു'മായി ഐജി
ക്രിമിനലുകളുടെ പേടിസ്വപ്നമെന്നറിയപ്പെടുന്ന ദാസിനെതിരെ മുടി വിഷയത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു.

- Published:
31 Jan 2026 8:04 AM IST

ഭുവനേശ്വർ: മുടിക്ക് മറ്റ് നിറം നൽകുന്നത് ഇന്ന് യുവതീ- യുവാക്കൾക്കൾക്കിടയിൽ ട്രെൻഡാണ്. പിങ്കും മഞ്ഞയും നീലയും ഓറഞ്ചും ചുവപ്പും വെളുപ്പുമൊക്കെയാക്കി തല കളറാക്കുന്നവരുണ്ട്. പൊലീസുകാരും സർക്കാർ ഉദ്യോസ്ഥരുമൊക്കെ പൊതുവെ അത്തരം രീതികൾ സ്വീകരിക്കാറില്ല. തൊഴിൽപരമായ അച്ചടക്കം പാലിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. എന്നാൽ ഒഡിഷയിലെ ഒരു പൊലീസുകാരൻ അതിൽ നിന്ന് വ്യത്യസ്തനാണ്. വൈറലാകാൻ മുടിയൊന്നാകെ ചുവപ്പാക്കി മാറ്റിയ അദ്ദേഹം ഇപ്പോൾ എയറിലായിരിക്കുകയാണ്.
49കാരനായ ഡിഎസ്പി രശ്മി രഞ്ജൻ ദാസാണ് ഹെയർ കളർ ചെയ്തത്. ആളുകൾ കാണാനായി പൊതുവിടത്തിൽ തൊപ്പി മാറ്റിയിറങ്ങാനും തുടങ്ങി. ക്രിമിനലുകളുടെ പേടിസ്വപ്നമെന്നറിയപ്പെടുന്ന ദാസിനെതിരെ മുടി വിഷയത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും വരാൻ തുടങ്ങി. എന്നാൽ ഇതൊന്നും മാനിക്കാതെ മുന്നോട്ടുപോയ ദാസിന്റെ മുടിക്കാര്യത്തിൽ ഒടുവിൽ മേലുദ്യോഗസ്ഥന് തന്നെ ഇടപെടേണ്ടി വന്നിരിക്കുകയാണ്.
തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ ജഗത്സിങ്പൂർ ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആണ് ദാസ്. ബുധനാഴ്ച ദാസ് പൊതുവിടത്തിൽ പൊലീസ് തൊപ്പി ധരിക്കാതെ ഇറങ്ങിയതോടെയാണ് മുടി വൈറാലയത്. യൂണിഫോമിലുള്ള ദാസിന്റെ ഫോട്ടോകൾ ഓൺലൈനിൽ ട്രോളുകൾക്കും മീമുകൾക്കും ചർച്ചകൾക്കും കാരണമാവുകയും ചെയ്തു. ഇതോടെയാണ് ഐജി ഇടപെട്ടത്. മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാനാണ് നിർദേശം.
വ്യാഴാഴ്ചയാണ് ഐജി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. "പോലീസ് സേനയിലെ ഓരോരുത്തരും യൂണിഫോമിനെ ബഹുമാനിക്കുകയും അച്ചടക്കത്തിനും പൊതു മര്യാദയ്ക്കും പരമാവധി മുൻഗണന നൽകുകയും വേണം"- ഐജി സത്യജിത് നായ്ക് നിർദേശിച്ചു. ദാസിന്റെ വൈറൽ മുടി ശ്രദ്ധയിൽപ്പെട്ടയുടനെ വിഷയത്തിൽ ഇടപെട്ടതായും നായ്ക് പറഞ്ഞു.
മുമ്പ് മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാൻ അനൗപചാരിക നിർദേശങ്ങൾ വന്നിരുന്നെങ്കിലും ദാസ് ഇതൊന്നും കാര്യമാക്കിയിരുന്നില്ല. ഹെയർ സ്റ്റൈൽ സംബന്ധിച്ച് നിലവിൽ പൊലീസ് മാന്വലിൽ വ്യക്തമായ നിയമങ്ങളൊന്നുമില്ലെങ്കിലും എല്ലാവരും ലാളിത്യവും അച്ചടക്കവും പൊതുമര്യാദയും പാലിക്കേണ്ടതുണ്ടെന്ന് മറ്റൊരു മുതിർന്ന പൊലീസുകാരൻ പറഞ്ഞു. എന്നാൽ വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ ദാസ് തയാറായില്ല.
ഇത്തരത്തിൽ നിറംമാറ്റിയ മുടിയും ലുക്കും യൂണിഫോമിലുള്ള ഉദ്യോഗസ്ഥന് അനുയോജ്യമാണോ എന്നാണ് സോഷ്യൽമീഡിയയിൽ നിരവധി പേർ ചോദിക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ പ്രൊഫഷണലിസം അദ്ദേഹത്തിന്റെ മുടിയുടെ നിറത്തിൽ നിന്ന് മനസിലാക്കാമെന്ന് മറ്റു ചിലർ പറയുന്നു. യൂണിഫോം പ്രതിനിധീകരിക്കുന്ന അധികാരത്തെയും ഗൗരവത്തെയും നിറംമാറ്റിയ മുടി ദുർബലപ്പെടുത്തിയെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
Adjust Story Font
16
