ലൈംഗികാതിക്രമക്കേസിൽ ജാമ്യത്തിൽ, ബിജെപി എംപിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായി നിയമിച്ച് ഹരിയാന സർക്കാർ
ബിജെപി രാജ്യസഭാ എംപിയായ സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയുടെ നിയമനമാണ് വിവാദമായത്.

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ, ബിജെപി എംപിയുടെ മകനെ, അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായി നിയമിച്ച് ഹരിയാന സർക്കാർ. ബിജെപി രാജ്യസഭാ എംപിയായ സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയുടെ നിയമനമാണ് വിവാദമായത്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഐഎഎസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് വികാസ് ബരാല.
വികാസിനെതിരായ കേസിൽ ചണ്ഡീഗഢ് കോടതിയിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്. അതിനിടെയാണ് 97 പുതിയ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറൽ, ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറൽ, സീനിയർ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ എന്നിവരെ നിയമിച്ചുകൊണ്ട് ജൂലൈ 18ന് പുറത്തിറക്കിയ ഉത്തരവിൽ വികാസും ഇടംപിടിച്ചത്.
ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ വി.എസ് കുണ്ടുവിന്റെ മകൾ വർണിക കുണ്ടു നൽകിയ പരാതിയിൽ 2017 ആഗസ്റ്റ് അഞ്ചിനാണ് വികാസിനും സുഹൃത്ത് ആശിഷ് കുമാറിനുമെതിരെ കേസെടുത്തത്. അർധരാത്രി തന്നെ പിന്തുടർന്ന ഇരുവരും വാഹനം തടഞ്ഞ് അവരുടെ വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് പിടിച്ചുകയറ്റാൻ ശ്രമിച്ചുവെന്നായിരുന്നു വർണികയുടെ പരാതി. അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു സുഭാഷ് ബരാല. ബിജെപി സർക്കാർ തന്നെയാണ് സംസ്ഥാനം ഭരിച്ചിരുന്നത്.
വലിയ പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് ഒമ്പതിന് ഇരുവരെയും അറസ്റ്റ് ചെയ്തു. 2018 ജനുവരിയിലാണ് ഹരിയാന ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് രണ്ടിന് പ്രതിഭാഗത്തിന്റെ വാദം തുടങ്ങാനിരിക്കെയാണ് വികാസിനെ ഉന്നത പദവിയിൽ നിയമിച്ചിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ നിയമ വിദ്യാർഥിയായിരുന്ന വികാസ് 2017 ഡിസംബറിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതിയത്.
Adjust Story Font
16

