Quantcast

'ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്നയാൾക്ക് മികച്ച നേതാവാകാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; സത്യവചനമെന്ന് കോണ്‍ഗ്രസ്

നേരത്തെയും ഗഡ്കരിയുടെ പ്രസ്താവനകള്‍ ബിജെപിക്ക് തലവേദനയായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Sept 2025 8:10 AM IST

ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്നയാൾക്ക് മികച്ച നേതാവാകാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; സത്യവചനമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡൽഹി: ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ച നേതാവാകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.രാഷ്ട്രീയത്തിൽ സത്യം വിളിച്ചുപറയുന്നതിന് തടസ്സമുണ്ട്. കുറുക്കുവഴികൾ പെട്ടന്ന് ഫലങ്ങൾ തരുമെങ്കിലും എന്നാൽ ദീർഘകാല വിശ്വാസ്യതയെ അത് ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ അഖില ഭാരതീയ മഹാനുഭാവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്തും നേടാൻ ഒരു കുറുക്കുവഴിയുണ്ട്. ഒരു വ്യക്തി കുറുക്കുവഴികളിലൂടെ വേഗത്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. റെഡ് സിഗ്നല്‍ ഉണ്ടായിട്ടും നിയമങ്ങൾ ലംഘിച്ച് നിങ്ങൾ റോഡ് മുറിച്ചുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടന്നെന്ന് വരാം. എന്നാല്‍ ദീർഘകാല വിജയം സത്യത്തിന്റേതാണ്. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ എഴുതിയതുപോലെ - അവസാനം, സത്യമായിരിക്കും എപ്പോഴും വിജയിക്കുക..എന്നാല്‍ തന്‍റെ പ്രവര്‍ത്തന മേഖലയില്‍ സത്യം സംസാരിക്കുന്നത് നിഷിദ്ധമാണ്''- ഗഡ്കരി പരിഹാസരൂപേണ പറഞ്ഞു.

സത്യമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം, നമ്മൾ അത് പിന്തുടരണം. എപ്പോഴും പോസിറ്റീവിറ്റി പ്രചരിപ്പിക്കണമെന്നും ആരെയും വേദനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.മഹാനുഭവ വിഭാഗത്തിന്റെ സ്ഥാപകനായ ചക്രധര്‍ സ്വാമിയുടെ ശിക്ഷണം എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ പിന്തുടരാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഗഡ്കരി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഒളിയമ്പാണോ ഇതെന്ന ചർച്ചകളും സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. നേരത്തെയും ഗഡ്കരിയുടെ പ്രസ്താവനകള്‍ ബിജെപിക്ക് തലവേദനയായിട്ടുണ്ട്. പൊതുഭരണത്തിൽ അച്ചടക്കം ഉറപ്പാക്കാൻ സർക്കാരിനെതിരെ കോടതി കേസുകൾ ഫയൽ ചെയ്യണമെന്ന് കഴിഞ്ഞദിവസം ഗഡ്കരി പറഞ്ഞിരുന്നുരാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന പ്രസ്താവന കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ചില നേതാക്കൾ അവരുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും എന്നാൽ അവരുടെ എണ്ണം ക്രമേണ കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഏത് പാർട്ടിയുടെ സർക്കാരായാലും, നല്ല കാര്യങ്ങൾ ചെയ്യുന്നയാൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ലെന്നും മോശം കാര്യങ്ങൾ ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നും ഒരു കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story