Quantcast

'അനുഭവിച്ചയാൾക്കറിയാം അതിന്റെ പ്രയാസം; ഇനി സുപ്രീംകോടതി തീരുമാനിക്കട്ടെ'; ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ശിക്ഷിച്ച റിട്ട. ജസ്റ്റിസ്

2008ൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് യു.ഡി സാൽവിയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-19 09:22:39.0

Published:

19 Aug 2022 9:20 AM GMT

അനുഭവിച്ചയാൾക്കറിയാം അതിന്റെ പ്രയാസം; ഇനി സുപ്രീംകോടതി തീരുമാനിക്കട്ടെ; ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ശിക്ഷിച്ച റിട്ട. ജസ്റ്റിസ്
X

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ പ്രതികരണവുമായി ശിക്ഷ വിധിച്ച റിട്ട. ജസ്റ്റിസ്.‌ 'അനുഭവിച്ചയാൾക്കറിയാം അതിന്റെ പ്രയാസം' എന്നാണ് ബിൽക്കീസ് ബാനുവിന്റെ അവസ്ഥയെ കുറിച്ച് റിട്ട. ജസ്റ്റിസ് യു.ഡി സാൽവിയുടെ പ്രതികരണം.

2008ൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് യു.ഡി സാൽവിയായിരുന്നു. മുംബൈ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ സ്‌പെഷ്യൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് സാൽവി, വിചാരണയ്ക്കിടെ പ്രതികളെ ശിക്ഷിക്കുമ്പോൾ ബിൽക്കീസിന്റേത് ഉശിരൻ നിലപാടെന്ന് വിശേഷിപ്പിച്ചിരുന്നു.

'പ്രതികളെ നേരത്തെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർ​ഗനിർദേശങ്ങളുണ്ട്. സംസ്ഥാനങ്ങൾക്ക് ഈ മാർ​ഗനിർദേശങ്ങളെ കുറിച്ചറിയാം. കൂടാതെ ഈ വിഷയത്തിൽ സുപ്രിംകോടതി വിധികളുമുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

'കേസിൽ വർഷങ്ങൾക്ക് മുമ്പാണ് വിധി പുറപ്പെടുവിച്ചത്. ഇപ്പോൾ അത് സർക്കാരിന്റെ കൈയിലാണ്. സംസ്ഥാനം കൃത്യമായ തീരുമാനമെടുക്കേണ്ടതുണ്ട്. അത് ശരിയാണോ അല്ലയോ എന്ന് ബന്ധപ്പെട്ട കോടതിയോ സുപ്രിംകോടതിയോ ആണ് തീരുമാനിക്കേണ്ടത്'- സാൽവി കൂട്ടിച്ചേർത്തു.

പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകരും ചരിത്രകാരന്മാരും ബ്യൂറോക്രാറ്റുകളുമുൾപ്പെടുള്ള പ്രമുഖരടങ്ങുന്ന 6000ലേറെ വ്യക്തികൾ രം​ഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇവർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

കുറ്റവാളികളെ നേരത്തെ വിട്ടയച്ച നടപടി നീതിയെ തകർക്കുന്നത് ആണെന്ന് അവർ തുറന്നടിച്ചു. സാധാരണക്കാർ, തൊഴിലാളികൾ, മനുഷ്യാവകാശ പ്രവർത്തകർ, പ്രമുഖ എഴുത്തുകാർ, ചരിത്രകാരന്മാർ, പണ്ഡിതന്മാർ, സിനിമാ നിർമാതാക്കൾ, മാധ്യമപ്രവർത്തകർ, മുൻ ബ്യൂറോക്രാറ്റുകൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച 6000 പേരിൽ ഉൾപ്പെടുന്നു.

സഹേലി വുമൺസ് റിസോഴ്സ് സെന്റർ, ​ഗമന മഹിള സമൂഹ, ബെബാക് കലക്ടീവ്, ആൾ ഇന്ത്യ പ്രോ​ഗസീവ് വുമൺസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.

​ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കളും ഐഎഎസുകാരും രം​​ഗത്തെത്തി. വിഷയത്തിൽ ഇടപെട്ട് രാജ്യത്തോട് വിവേകം കാണിക്കണമെന്ന് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്തയും രം​ഗത്തെത്തിയിരുന്നു. കൊലപാതകത്തിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള ഗൗരവം പരിശോധിക്കാതെയാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

TAGS :

Next Story