റോക്കറ്റ് വിലയിൽ നിന്നും താഴേക്ക് ; വരും ആഴ്ചകളിൽ ഉള്ളിവില കുറഞ്ഞേക്കും,കാരണമിതാണ്!
ഉത്സവ സീസണിന് മുന്നോടിയായി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും

ഡൽഹി: കഴിഞ്ഞ ആഴ്ചകളിൽ കുത്തനെ കൂടിയ ഉള്ളി വില താഴേക്ക്. പുതിയ ഖാരിഫ് വിളവെടുപ്പിൽ നിന്നുള്ള വരവും പഴയ വിളയുടെ ബാക്കി സ്റ്റോക്കും വിപണിയിലെത്തുന്നത് ഉള്ളിയുടെ ലഭ്യത വർധിപ്പിക്കുമെന്നും, അതിനാൽ വരുന്ന ആഴ്ചകളിൽ ഉള്ളിവില കുറയാൻ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിൽ ഇരട്ടിയോളം ഉള്ള വില കുറയാൻ സാധ്യതയുള്ളത്, ഉത്സവ സീസണിന് മുന്നോടിയായി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
ഒക്ടോബര്‍ 10ന് ഉള്ളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപന വില കിലോയ്ക്ക് 52.99 രൂപയായിരുന്നു , ഒരു മാസം മുമ്പ് കിലോയ്ക്ക് 53.10 രൂപയേക്കാൾ നേരിയ കുറവും ഒരു വർഷം മുമ്പ് 26.65 രൂപയേക്കാൾ ഗണ്യമായി കൂടുതലുമാണിതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ, മൊത്തവില ക്വിന്‍റലിന് ശരാശരി 4,591 രൂപയായി , കഴിഞ്ഞ മാസത്തേക്കാൾ 2.4% ഉം കഴിഞ്ഞ വർഷത്തേക്കാൾ 123.3% ഉം വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കാലവർഷത്തെ ആശ്രയിച്ച് നടത്തുന്ന കൃഷിയും വിളവെടുപ്പുമാണ് ഖാരിഫ്.
നവംബർ മാസത്തോടെ മഹാരാഷ്ട്രയിൽ നിന്നും ഉള്ളിക്കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പല വിപണികളിലും ഖരീഫ് വരവ് ആരംഭിച്ചിട്ടുണ്ടെന്ന് ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് എക്സ്പോർട്ടർ അസോസിയേഷന്‍റെ വികാസ് സിംഗ് പറഞ്ഞു. നവംബർ മൂന്നാം വാരം വരെ ആവശ്യത്തിന് പഴയ ഉള്ളി സ്റ്റോക്ക് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉണ്ടെന്ന് സിംഗ് വ്യക്തമാക്കി. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം നവംബർ അവസാനം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മഹാരാഷ്ട്രയിലെ ആദ്യകാല ഖാരിഫ് ഉള്ളി ഒക്ടോബർ അവസാനത്തോടെ ചെറിയ അളവിൽ വിപണിയിൽ എത്തിത്തുടങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ആദ്യകാല ഖാരിഫ് വിളവ് ഉൽപാദനത്തിലും ഗുണനിലവാരത്തിലും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിംഗ് പറഞ്ഞു . “രാജസ്ഥാനിലെ ആൽവാർ മേഖലയിൽ നിന്നുള്ള വിതരണവും മഹാരാഷ്ട്രയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉള്ളിയെ ഉത്തരേന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” സിംഗ് പറഞ്ഞു.
വില നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ തങ്ങളുടെ ബഫർ സ്റ്റോക്ക് വിപണിയിൽ എത്തിക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഒക്ടോബർ 7-ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഉള്ളി വിതരണം 123 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതായും ഖാരിഫ് ഉള്ളി കൃഷി ചെയ്യുന്ന വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ 5% കൂടുതൽ ആയിരിക്കുമെന്ന് കണക്കാക്കുന്നതായും കേന്ദ്രം അറിയിച്ചു.
എന്നിരുന്നാലും, മൊത്തവ്യാപാര വിലയിലുണ്ടായ കുറവ് ശരാശരി ചില്ലറവ്യാപാര വിലയിൽ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അഖിലേന്ത്യാ ചില്ലറ വ്യാപാര വിലയിൽ 0.2% മാത്രമാണ് കുറവുണ്ടായിട്ടുള്ളത്.
സര്‍ക്കാരിന്‍റെ ഉള്ളി വില സ്ഥിരീകരണ നയം ഫലം കാണുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് HnyB സ്ഥാപകൻ ദീപക് പരീഖ് പറഞ്ഞു. തെരഞ്ഞെടുത്ത കൗണ്ടറുകൾ വഴി കിലോഗ്രാമിന് 35 രൂപ നിരക്കിൽ ബഫർ സ്റ്റോക്ക് വിൽക്കുന്നത് നല്ലതാണെങ്കിലും അത് വിപണിയുടെ വ്യാപ്തി പൂർണമായും അവഗണിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇന്ത്യയിൽ പ്രതിദിന ഉപഭോഗം ഏകദേശം 50,000 ടൺ ഉള്ളിയാണ് . അങ്ങനെയുള്ളപ്പോൾ തെരഞ്ഞെടുത്ത ചില മെട്രോ നഗരങ്ങളിൽ ആയിരം ടൺ മാത്രം പുറത്തുവിടുന്നത് കടലിലെ ഒരു തുള്ളി പോലെയാണ്. പുതിയ ഖാരിഫ് വിളകൾ എത്തുന്നതുവരെ മൊത്തവ്യാപാര മേഖലയിലെ ലഭ്യത കുറഞ്ഞുനിൽക്കുന്നിടത്തോളം കാലം, ഈ ചെറിയ തോതിലുള്ള കൗണ്ടർ വിൽപ്പനയിലൂടെ സാധാരണക്കാർ കടകളിൽ നൽകേണ്ടിവരുന്ന 50 മുതൽ 70 രൂപ വരെയുള്ള തുറന്ന വിപണി വില കുറയ്ക്കാൻ കഴിയില്ല," പരീഖ് പറഞ്ഞു.
Adjust Story Font
16

