Quantcast

'ബിജെപിയെ തടയാൻ ദീദിക്ക് മാത്രമേ കഴിയൂ'; മമതക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നേതൃനിരയിലെ രണ്ട് പ്രമുഖരുടെ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-01-27 14:48:31.0

Published:

27 Jan 2026 6:44 PM IST

ബിജെപിയെ തടയാൻ ദീദിക്ക് മാത്രമേ കഴിയൂ; മമതക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
X

കൊൽക്കത്ത: ബിജെപിക്കെതിരെയുള്ള തൃണമൂൽ കോൺഗ്രസിന്റേയും മമത ബാനർജിയുടേയും പോരാട്ടങ്ങൾക്ക് പിന്തുണയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചൊവ്വാഴ്ച കൊൽക്കത്തയിലെത്തിയ അഖിലേഷും ഭാര്യയും എംപിയുമായ ഡിംപിൾ യാദവും മമതയുമായി 40 മിനിറ്റോളം ചർച്ച നടത്തി. ബിജെപിയുടെ രാഷ്ട്രീയ കടന്നാക്രമണങ്ങളെ ചെറുക്കാൻ 'ദീദി'ക്ക് പ്രത്യേക കരുത്തുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരേയും അഖിലേഷ് രൂക്ഷവിമർശനമാണ് നടത്തിയത്. എസ്‌ഐആർ മറവിൽ എൻആർസി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത് സാധാരണക്കാരെ ഉപദ്രവിക്കാനാണെന്നും അഖിലേഷ് പറഞ്ഞു. വോട്ടർ പട്ടിക പരിഷ്‌കരണം ഒരു വലിയ അഴിമതിയാണെന്ന് മമത ബാനർജി മുമ്പ് പറഞ്ഞിരുന്നു.

എസ്‌ഐആർ നടപടി ക്രമങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി നിരവധി തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരുന്നു. എസ്‌ഐആർ നടപടി ക്രമങ്ങൾ വോട്ടർമാരേയും ഉദ്യോഗസ്ഥരേയും ഒരേ പോലെ പ്രയാസപ്പെടുത്തുന്നതാണെന്നും സമ്മർദം താങ്ങാൻ കഴിയാതെ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടെന്നും മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ നടപടിക്രമങ്ങൾ നിർത്തിവെക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ഡൽഹിയിലേക്ക് മാറ്റുന്ന കാര്യവും മമത പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത് ഉൾപ്പടെയുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് ശേഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നേതൃനിരയിലെ രണ്ട് പ്രമുഖരുടെ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

TAGS :

Next Story