ഓപറേഷൻ സിന്ധു; ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി
290 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘമാണ് ഡൽഹിയിൽ എത്തിയത്

ന്യൂഡൽഹി: ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി. മെഡിക്കൽ വിദ്യാർഥികളടങ്ങുന്ന സംഘമാണ് ഇന്ന് ഡൽഹിയിലെത്തിയത്. 290 പേരാണ് സംഘത്തിലുള്ളത്. ഇതോടെ 517 പേർ ഇറാനിൽ നിന്നും ഇന്ത്യയിലെത്തി.
തുർക്കമെനിസ്ഥാനിൽ നിന്നുള്ള വിമാനമുൾപ്പടെ രണ്ട് വിമാനങ്ങൾ കൂടി ഇന്ന് ഇന്ത്യയിലെത്തും. ഇസ്രായേൽ ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇറാനിലെ വ്യോമപാതകൾ അടച്ചിരുന്നു. എന്നാൽ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി പരിമിതമായ രീതിയിൽ വ്യോമപാത തുറന്നു നൽകിയതായി ഡൽഹിയിലെ ഇറാൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസ്സൈനി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആസൂത്രണം ചെയ്‌തേക്കാമെന്നും ഇന്ത്യൻ സർക്കാരുമായി കൃത്യമായ ഏകോപനം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യക്കുവേണ്ടി ഇറാന്റെ വ്യോമപാത തുറന്നു നൽകിയതിലൂടെ വ്യക്തമാവുന്നതെന്ന് വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും പറഞ്ഞു.
മലയാളികളാരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 17 പേരാണ് നോർക്കയെ സമീപിച്ചത്. വരാനിരിക്കുന്ന വിമാനങ്ങളിൽ ഇവരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഏകദേശം 10,000 ത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളതായി കണക്കാക്കുന്നത്. ഇതിൽ കൂടൂതലും വിദ്യാർഥികളാണ്. ഇന്ന് എത്തിയ 290 പേരിൽ 190 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Adjust Story Font
16

