വയനാടിന് നീതി തേടി കേരള എംപിമാര്‍; പാർലമെന്‍റ് വളപ്പിൽ പ്രതിഷേധം
വയനാടിന് നീതി നൽകണം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം

ഡല്‍ഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതിൽ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നൽകണം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം. പ്രിയങ്കാഗാന്ധി ,കെ.രാധാകൃഷ്ണൻ,സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എംപിമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ.രാധാകൃഷ്ണൻ എം.പി മീഡിയവണിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടത് കേരളത്തോടുള്ള അനീതി ന്യായീകരിക്കാനാണ്. കേരളത്തെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധവുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.കേരളം ഇന്ത്യയുടെ ഭാഗമാണ്. രക്ഷാപ്രവർത്തനത്തിന്‍റെ തുക തുക പോലും പിടിച്ചു വാങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു എന്നത് കള്ളം . പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി. ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രം. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചിട്ടില്ല. കേരളത്തിന്‍റെ ജനത സേനാംഗങ്ങളെ ചേർത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്. സൈന്യത്തിന്‍റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുന്നു. രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നിൽ കേന്ദ്രത്തിന്‍റെ ഔദാര്യമല്ല. അവകാശമാണ് ചോദിക്കുന്നത് NDRF ജനങ്ങളുടെ നികുതി ഫണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം നന്നാവരുത് എന്നതാണ് കേന്ദ്രം കരുതുന്നതെന്ന് വി.ശിവദാസന്‍ എംപി ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെട്ടതിന്‍റെ നാലിൽ ഒന്ന് പോലും നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു. ആഭ്യന്തര മന്ത്രിയുടെ മറുപടിയിൽ കേരളത്തിന് വീഴ്ച പറ്റിയതായി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. കേരളം കൃത്യമായി റിപ്പോർട്ട് നൽകി. മുന്നറിയിപ്പ് നൽകിയെന്ന് കളവ് പറഞ്ഞവരാണ്. പച്ചക്കള്ളം പറഞ്ഞവർ അത് തിരുത്താൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

