പ്രതിപക്ഷ പ്രതിഷേധം: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും
എംപിമാരുടെ രാപ്പകൽ സമരം പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരുകയാണ്
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതും എംപിമാരുടെ സസ്പെൻഷനും ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പിന്തുണ അറിയിച്ചുള്ള എംപിമാരുടെ രാപ്പകൽ സമരം പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരുകയാണ്.
വർഷകാല സമ്മേളനം ആരംഭിച്ച് 8 ദിവസമായിട്ടും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്ര സർക്കാർ നടപടി, പ്രതിപക്ഷത്തെ നേരിടാൻ ഇഡിയെ സർക്കാർ ഉപയോഗിക്കുന്നെന്ന ആരോപണം എന്നിവ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇവയെല്ലാം ചർച്ച ചെയ്യാൻ ഇത് വരെ നൽകിയ എല്ലാ അടിയന്തര പ്രമേയ നോട്ടീസുകളും അവതരണ അനുമതി പോലും നൽകാതെയാണ് സഭാ അധ്യക്ഷന്മാർ തള്ളിയത്. പ്രതിഷേധിച്ചാൽ സസ്പെൻറ് ചെയ്യുമെന്ന സഭാധ്യക്ഷന്റെ ഭീഷണിയും പ്രതിപക്ഷ അംഗങ്ങൾക്കുണ്ട്. 24 ബില്ലുകളാണ് വർഷകാല സമ്മേളന കാലയളവിൽ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്.
എന്നാൽ തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇതിനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ നൽകുന്നത്. ഇന്നും വിവിധ എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പാർലമെന്റിനു പുറത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ചതും പ്രതിപക്ഷ പാർട്ടികൾ ചർച്ച നടത്തുന്നുണ്ട്. സസ്പെൻഷൻ നടപടി നേരിടുന്ന എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിപക്ഷ എംപിമാരുടെ രാപ്പകൽ സമരം തുടരുന്നത്. രാജ്യസഭാ അംഗങ്ങളുടെ സസ്പെൻഷൻ അവസാനിക്കുന്ന വെള്ളിയാഴ്ച വൈകീട്ട് വരെയുള്ള 50 മണിക്കൂർ നേരം, റിലേ സത്യാഗ്രഹമാണ് ജനപ്രതിനിധികൾ നടത്തുന്നത്.
Adjust Story Font
16