ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകള്‍ക്ക് നൽകാൻ പ്രതിപക്ഷം ശ്രമിക്കുന്നു; ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രി
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതിപക്ഷ നീക്കം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് മോദി പറയുന്നത്.

ന്യൂഡൽഹി: മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകൾക്ക് സംവരണം ഏർപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതിപക്ഷ നീക്കം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് മോദി പറയുന്നത്.
ഭരണഘടനാ ശിൽപികൾ തള്ളിക്കളഞ്ഞ അജണ്ടയാണ് അവർ മുന്നോട്ടുവെക്കുന്നത്. ഒബിസി സംവരണം കുറയ്ക്കാനും മുസ്‌ലിം സംവരണം കൊണ്ടുവരാനും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി ആഗ്രഹിക്കുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും പ്രധാനമന്ത്രി പറയുന്നു. പാർട്ടിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
പാർലമെന്റിൽ പ്രതിപക്ഷം തടസ്സവാദങ്ങൾ ഉന്നയിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷം 'വിരോധ് പക്ഷം'എന്നതിലുപരി 'അവരോധ് പക്ഷം' ആയി മാറിയെന്ന് തോന്നുന്നുവെന്നും, ജനാധിപത്യ പ്രക്രിയകൾ തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്നും അദ്ദേഹം കുറിച്ചു.
ഈ വർഷം ആദ്യം പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതും പ്രധാനമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ബിൽ പാസാക്കാൻ പ്രതിപക്ഷ പാർട്ടി അനുവദിച്ചില്ലെന്നും ഭരണഘടനാ മൂല്യങ്ങളോട് അവഹേളനം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ 'നാരി ശക്തി'ക്ക് നീതി ഉറപ്പാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്നും മോദി ഉറപ്പുനൽകി. അഞ്ച് പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവർ ഭരണഘടനയെ ദുർബലപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Adjust Story Font
16

