Quantcast

രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിലെ സുരക്ഷിതമല്ലാത്ത 86,000 ക്ലാസ് മുറികൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്

ജസ്റ്റിസുമാരായ മഹേന്ദ്ര കുമാർ ഗോയൽ, അശോക് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    24 Aug 2025 6:10 PM IST

രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിലെ സുരക്ഷിതമല്ലാത്ത 86,000 ക്ലാസ് മുറികൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്
X

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിലെ 86,000 ക്ലാസ് മുറികളുടെ ഉപയോഗം നിരോധിച്ച് ഹൈക്കോടതി. മുറികൾ പൂട്ടിയിടണമെന്നും കുട്ടികളെ അവയിൽ പ്രവേശിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മാസം ജലവാർ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഏഴ് വിദ്യാർഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് സർക്കാർ സർവേ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിധി. ജസ്റ്റിസുമാരായ മഹേന്ദ്ര കുമാർ ഗോയൽ, അശോക് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർവേ അനുസരിച്ച് രാജസ്ഥാനിൽ 63,018 സർക്കാർ സ്കൂളുകളാണുള്ളത്. അവയിൽ 5,26,162 ക്ലാസ് മുറികളും ഉണ്ട്. ഇതിൽ 86,934 ക്ലാസ്മുറികൾ പൂർണമായും തകർന്നതായും 5,667 സ്കൂളുകൾ ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്നുമാണ് റിപ്പോർട്ട്. 17,109 ടോയ്‌ലറ്റുകൾ തകർന്നതായും 29,093 എണ്ണം നന്നാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ സ്കൂളുകളിലെ വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ ഉചിതമായ ബദൽ ക്രമീകരണങ്ങൾ എത്രയും വേ​ഗം ചെയ്യണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജലവാർ ദുരന്തത്തിനുശേഷം സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയെക്കുറിച്ച് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

ജലവാർ ദുരന്തം നടന്ന് ദിവസങ്ങൾക്ക് ശേഷം ജയ്സൽമീറിൽ ഒരു സ്കൂളിന്റെ പ്രധാന ഗേറ്റ് തകർന്നുവീണിരുന്നു. സംഭവത്തിൽ ഒരു വിദ്യാർഥി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story