Quantcast

'മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം'; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വെടിവയ്പ്പിൽ ഉവൈസി

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വോട്ട് ചെയ്യണമെന്ന് വെടിവയ്പ്പിനുശേഷം ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ് യാത്രക്കാർക്കു മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-01 05:48:57.0

Published:

31 July 2023 5:32 PM GMT

Asaduddin Owaisi calls train shooting by RPF constable as terror attack targeted Muslims, Asaduddin Owaisi in train shooting by RPF constable, Jaipur Mumbai Express shooting, Jaipur Mumbai Express
X

ഹൈദരാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ എ.എസ്.ഐയെയും മുസ്‌ലിം യാത്രക്കാരെയും കോൺസ്റ്റബിൾ വെടിവച്ചു കൊന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടു നടന്ന ഭീകരാക്രമണമാണിതെന്ന് ഉവൈസി പറഞ്ഞു. നിരന്തരമായ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണിത്. നിരന്തരമായ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെയും അവ അവസാനിപ്പിക്കാനുള്ള നരേന്ദ്ര മോദിയുടെ വിമുഖതയുടെയും ഉൽപന്നമാണിത്. ആർ.പി.എഫ് ജവാനായ പ്രതി ബി.ജെ.പിയുടെ ഭാവി സ്ഥാനാർത്ഥിയാകുമോ? അയാളുടെ ജാമ്യത്തെ സർക്കാർ പിന്തുണയ്ക്കുമോ? ജയിൽമോചിതനാകുമ്പോൾ മാലയിട്ടു സ്വീകരിക്കുമോ? (എനിക്കു) തെറ്റിയാൽ സന്തോഷം-ഉവൈസി ട്വീറ്റ് ചെയ്തു.

ഇന്ന് ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മുസ്‌ലിം യാത്രക്കാരെയും വെടിവച്ചുകൊന്ന ശേഷം പ്രതി നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും പിന്തുണച്ചു സംസാരിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വോട്ട് ചെയ്യണമെന്ന് കൃത്യം ചെയ്ത ശേഷം റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ്(ആർ.പി.എഫ്) കോൺസ്റ്റബിൾ ചേതൻ സിങ് യാത്രക്കാർക്കു മുന്നറിയിപ്പ് നൽകിയതായി 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

ഇന്നു പുലർച്ചെ അഞ്ചോടെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ടിക്കാറാം മീണ(57)യെയാണ് ആദ്യം ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചതെന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ്(ജി.ആർ.പി) അറിയിച്ചു. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

വാപി റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ട സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. വെടിയേറ്റ യാത്രക്കാർ ട്രെയിനിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. ടിക്കാറാം മീണയ്ക്കുനേരെ നാലു തവണ വെടിയുതിർത്തെന്ന് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിവയ്പ്പിനുശേഷം പ്രതി ചേതൻ സിങ് രക്ഷപ്പെടാൻ ശ്രമിച്ചു. മിറ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയതിനു പിന്നാലെ ഓടിരക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ, ആർ.പി.എഫും ജി.ആർ.പിയും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിനു കാരണം വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ജി.ആർ.പി കമ്മിഷണർ രവീന്ദ്ര ഷിസ്വെ പ്രതികരിച്ചു. ചേതൻ സിങ് ക്ഷിപ്രകോപിയാണെന്നും ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറും ഇൻസ്പെക്ടർ ജനറലുമായ പി.സി സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.

Summary: 'This is a terror attack that specifically targeted Muslims': Owaisi calls train shooting by RPF constable

TAGS :

Next Story