'ആത്മാർഥതയുണ്ടെങ്കിൽ മുസ്‌ലിം വിരുദ്ധതയിൽ നിന്ന് അനുയായികളെ തടയട്ടെ'; ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിൽ മോഹൻ ഭഗവതിന്റെ പ്രസ്താവന വെറുംവാക്കെന്ന് ഉവൈസി
ആർഎസ്എസ് മേധാവിയുടെ തന്നെ ഉത്തരവുകളാണ് അനുയായികൾ നടപ്പാക്കുന്നതെന്നും ഉവൈസി പറഞ്ഞു.

ന്യൂഡൽഹി: ഹിന്ദു-മുസ്‌ലിം സാഹോദര്യത്തെ കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയിൽ ആത്മാർഥതയുണ്ടെങ്കിൽ മുസ്‌ലിം വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സ്വന്തം അനുയായികളെ തടയുകയാണ് വേണ്ടതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഒരേ ഡിഎൻഎ ആണെന്ന മോഹൻ ഭഗവതിന്റെ പ്രസ്താവന അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടേയും മതിപ്പ് നേടാനുള്ള കാപട്യമാണ്. പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ മുസ്‌ലിം വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അനുയായികളെ തടയാത്തത് എന്തുകൊണ്ടാണെന്ന് ഉവൈസി ചോദിച്ചു. അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാനുള്ള കഴിവില്ല എന്ന് താൻ കരുതുന്നില്ല, ആർഎസ്എസ് മേധാവിയുടെ തന്നെ ഉത്തരവുകളാണ് അനുയായികൾ നടപ്പാക്കുന്നതെന്നും ഉവൈസി പറഞ്ഞു.
എല്ലാ മസ്ജിദുകൾക്ക് കീഴിലും ശിവലിംഗം തിരയരുതെന്ന് മോഹൻ ഭഗവത് പറയുമ്പോൾ തന്നെ പള്ളികളിൽ അവകാശവാദം ഉന്നയിച്ച് കേസ് ഫയൽ ചെയ്യുന്നത് അദ്ദേഹത്തിന്റെ അനുയായികളാണ്. ഹിന്ദുത്വ സംഘടന ഇന്ത്യയുടെ വൈവിധ്യത്തെ നശിപ്പിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു.
എനിക്ക് ആർഎസ്എസിനെ നന്നായറിയാം. അതിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന് നമുക്കറിയാം. ഈ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും നശിപ്പിച്ച് മതാധിപത്യ രാജ്യം സൃഷ്ടിക്കാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഹെഡ്‌ഗേവാറും ഗോൾവാൾക്കറും ദേവറസും ഭഗവതും രജ്ജു ഭയ്യയും അടക്കം അവരുടെ നേതാക്കളെല്ലാം ഇത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവരും നമ്മളും രണ്ട് ധ്രുവങ്ങളിലാണ്. പിന്നെ എങ്ങനെ ഒന്നിക്കാൻ കഴിയും? ആർഎസ്എസ് ഒരു പ്രത്യയശാസ്ത്ര സൃഷ്ടിയാണ്. ആർഎസ്എസ് ഒരിക്കലും അതിന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിക്കില്ലെന്നും ഉവൈസി പറഞ്ഞു.
Adjust Story Font
16

