'50 വർഷമായി അവർക്കല്ലേ വോട്ട് ചെയ്യുന്നത്?, ഇക്കാര്യത്തിൽ വല്ല മാറ്റവുമുണ്ടോ?'; കോണ്‍ഗ്രസ്, ടിഎംസി, ഇടതുപാര്‍ട്ടികള്‍ക്കെതിരെ അസദുദ്ദീന്‍ ഉവൈസി
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവർ മുസ്‌ലിം വോട്ടുകൾ വാങ്ങി ശീലിച്ചവരാണെന്നും എന്നാല്‍ സമുദായത്തിന്റെ വികസനത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി

- Updated:
2026-04-04 08:06:01.0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്‌ലിം സമുദായത്തെ അരികുവല്‍ക്കരിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഭരണപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവർ മുസ്‌ലിം വോട്ടുകൾ വാങ്ങി ശീലിച്ചവരാണെന്നും എന്നാല്‍ സമുദായത്തിന്റെ വികസനത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. എഐഎംഐഎം പാര്‍ട്ടിയും പുതുതായി രൂപീകരിച്ച എജെയുപിയും സംയുക്തമായ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച മുര്‍ഷിദാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ 50 വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ വോട്ടുകള്‍ സ്ഥിരമായി കോണ്‍ഗ്രസിനും ഇടതുമുന്നണിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ലഭിക്കുന്നു. എന്നിട്ടും അവരുടെ ജീവിതനിലവാരത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വെസ്റ്റ് ബംഗാളിലെ മുസ്‌ലിംകളുടെ പ്രതിനിധാനത്തെയും അവരുടെ വികസനത്തെയും മുന്‍നിര്‍ത്തിയാണ് കബീറുമായി ഞങ്ങള്‍ കൈകോര്‍ത്തിരിക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ മമതയെയും പാര്‍ട്ടിയെയും നാം ഞെട്ടിക്കും'. ഉവൈസിയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉന്നമനത്തിനുമായി അവരില്‍ നിന്നുതന്നെ നേതാക്കളെ തെരഞ്ഞെടുക്കേണ്ട സമയം ആഗതമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇവിടെയുള്ള മൊത്തം ജനസംഖ്യയുടെ 30 ശതമാനം മുസ്‌ലിംകളാണ്. മുസ്‌ലിംകളെ ചൂഷണം ചെയ്യുന്ന സമീപനങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള സമയമാണിത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നാമാവശേഷമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നുണ്ടെങ്കില്‍ നിങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് വോട്ട് നല്‍കണം'. അദ്ദേഹം വ്യക്തമാക്കി.
'ആദ്യം കോണ്‍ഗ്രസ് അധികാരത്തിലേറിയിട്ട് എന്താണ് സംഭവിച്ചത്? അവര്‍ നിങ്ങള്‍ക്കായി ഒന്നുംതന്നെ ചെയ്തില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരം ഉണ്ടായിരുന്നോ? പിന്നെ, മമതാ ബാനര്‍ജി 15 വര്‍ഷം ഭരിക്കുകയുണ്ടായി. നിങ്ങളിലാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി തന്നോ? മുര്‍ഷിദാബാദിലും മാള്‍ഡയിലുമുള്ള ചെറുപ്പക്കാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് ജോലി തേടി പോകുന്നതെന്ത് കൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്? നിങ്ങളെ വെറുമൊരു വോട്ട് ബാങ്ക് ആയി മാത്രമാണ് അവര്‍ കണക്കാക്കിയിരുന്നത്'. ഉവൈസി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് മുര്‍ഷിദാബാദില്‍ നിലവാരമുള്ള സര്‍വകലാശാലകളും സര്‍ക്കാര്‍ കോളജുകളു തുറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞിരുന്നു. അതേസമയം, അയല്‍സംസ്ഥാനത്തെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ആറ് സീറ്റുകളിലാണ് പാര്‍ട്ടി 2021-ല്‍ ബിഹാറിൽ മത്സരിച്ചിരുന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23-ന് ആദ്യഘട്ടവും 29-ന് രണ്ടാംഘട്ടവും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Adjust Story Font
16
