Quantcast

വസ്ത്രധാരണരീതി മൗലികാവകാശം, അന്തിമ വിധിക്കായി കാത്തിരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി

'ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണ്'

MediaOne Logo

Web Desk

  • Published:

    13 Oct 2022 6:32 AM GMT

വസ്ത്രധാരണരീതി മൗലികാവകാശം, അന്തിമ വിധിക്കായി കാത്തിരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി
X

വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

"വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നു"- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹിജാബ് കേസ് ഭിന്നവിധിയെ തുടര്‍ന്ന് സുപ്രിംകോടതിയുടെ വിശാലബെഞ്ചിനു വിട്ടതിനെ കുറിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതി വിധി ശരിവെച്ചു. അതേസമയം ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് വിശാല ബെഞ്ചിനു വിട്ടത്. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പരമപ്രധാനമെന്ന് ജ.ദുലിയ വ്യക്തമാക്കി. ഹിജാബ് വ്യക്തിപരമായ തെരഞ്ഞെടുപ്പിന്‍റെ വിഷയമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 14 പാലിക്കപ്പെടണം. ഹിജാബിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് നീക്കം ചെയ്യണമെന്നും ജ.ദുലിയ ഉത്തരവിട്ടു. അതേസമയം ജ.ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്ക് ശരിവെച്ചു.

2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.

ഇതിനിടെ സംഘപരിവാർ വിദ്യാർഥി സംഘടനാ നേതാക്കൾ കാവി ഷാള്‍ ധരിച്ച് കോളജുകളിലെത്തി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധവും വളരെ പെട്ടെന്ന് മറ്റു കോളജുകളിലേക്ക് പടർന്നു. ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കർണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.

ഫെബ്രുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കർണാകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് മുൻപ് ജനുവരി 31ന് ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ്‌ വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാൻ ഹൈക്കോടതി വിശാല ബെഞ്ച് നിര്‍ദേശിച്ചു. കേസിൽ 11 ദിവസം വാദം നീണ്ടു നിന്നു. മാർച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. വിധിക്ക് എതിരെ നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചു. സെപ്തംബർ 5ന് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേള്‍ക്കലിന് ഒടുവിൽ വിധി പറയാന്‍ മാറ്റിവെച്ച കേസാണ് വിശാലബെഞ്ചിനു വിട്ടത്.

TAGS :

Next Story