ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി
ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ്

- Published:
25 Jan 2026 12:54 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്.
അതേസമയം പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്‍ അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ സമ്മതമില്ലാതെ 'ഫോം നമ്പർ 7' ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.
'ഗുജറാത്തിൽ എസ്ഐആര്‍ എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്‍ ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്''- രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16
