പഹൽഗാം മാനവരാശിക്കെതിരായ ആക്രമണം, ഭീകരതക്കെതിരെ കടുത്ത നിലപാടെടുക്കണം: നരേന്ദ്ര മോദി
പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി അപലപിച്ചു

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി അപലപിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഭീകരർക്ക് സുരക്ഷിത താവളം നൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇറാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തെ ബ്രിക്സ് അപലപിച്ചു. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു.
ഭീകരതയെ മറികടക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബ്രികസ് ഉച്ചക്കോടിയിൽ ആവശ്യപ്പെട്ടു. മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാല്‍ അത് മാനവരാശിക്കെതിരാകും എന്നും മോദി കൂട്ടിച്ചേർത്തു. ഭീകരത പോലുള്ള ഒരു വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ, അതിനുള്ള വില നൽകേണ്ടിവരുമെന്നും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മോദി ആവർത്തിച്ചു.
Adjust Story Font
16

