Quantcast

ആക്രമണങ്ങളിൽനിന്ന് ജനങ്ങൾക്ക് രക്ഷയില്ല: മണിപ്പൂരിൽ മന്ത്രിയുടെ വീട് നശിപ്പിച്ചു

മെയ്തി, കുക്കി സമുദായക്കാർക്കിടയിൽ നടക്കുന്ന വംശീയ കലാപത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രിയുടെ വീട് ആക്രമിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    25 May 2023 10:25 AM GMT

People vandalized the house of Public Works Minister in Manipur
X

ഇംഫാൽ: മണിപ്പൂരിൽ ഒരു വിഭാഗം അഴിച്ചുവിടുന്ന അതിക്രമങ്ങളിൽ നിന്ന് സർക്കാർ പ്രദേശവാസികളെ സംരക്ഷിക്കാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീട് ഒരു സംഘം നശിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിലെ വീട് ബുധനാഴ്ച ഒരു സംഘം ആളുകൾ നശിപ്പിച്ചതായി മന്ത്രി തന്നെയാണ് പറഞ്ഞത്. എന്നാൽ, ബിജെപി നേതാവും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല.

കൂടുതലും സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം നിങ്തൗഖോംഗ് ഏരിയയിലെ വീട് ആക്രമിക്കുകയും ഗേറ്റിന്റെ ഒരു ഭാഗം, ജനലുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സംസ്ഥാനത്ത് മെയ്തി, കുക്കി സമുദായക്കാർക്കിടയിൽ തുടങ്ങിയ വംശീയ കലാപത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രിയുടെ വീട് ആക്രമിക്കപ്പെടുന്നത്.

അതിനിടെ, സംസ്ഥാനത്ത് വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ ആയുധധാരികളുടെ സംഘവും മറ്റൊരു കൂട്ടം ജനങ്ങളും തമ്മിലാണ് സംഘർഷമുണ്ടായതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ തോയ്ജാം ചന്ദ്രമോണി (30) വെടിയേറ്റു മരിക്കുകയായിരുന്നു. വെടിവെപ്പിൽ 22 വയസ്സുള്ള ലെയ്ചോമ്പം അബുങ്നാവോയ്ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ചുരാചന്ദ്പൂരിൽ അടുത്തിടെ നടന്ന വംശീയ സംഘട്ടനത്തെ തുടർന്ന് പലായനം ചെയ്യുകയും ബിഷ്ണുപൂരിലെ മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിക്കുകയും ചെയ്തവരടക്കമുള്ളവർക്കെതിരെയാണ് ആയുധധാരികൾ വെടിവെപ്പ് നടത്തിയത്. അക്രമത്തെത്തുടർന്ന്, അധികാരികൾ പ്രദേശത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും മറ്റ് പല ജില്ലകളിലും കർഫ്യൂ ഇളവ് കുറയ്ക്കുകയും ചെയ്തു.

അക്രമികൾ ബിഷ്ണുപൂർ ജില്ലയിലെ ടൊറോങ്ലോബിയിൽ ചില ഗ്രാമവാസികളുടെ വീടുകൾ ചൊവ്വാഴ്ച രാത്രി അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂരിൽ മെയ്തി സമുദായം പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ടതിനെതിരെ മേയ് മൂന്നിന് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കുക്കി ഗ്രാമീണരെ റിസർവ് ഫോറസ്റ്റ് ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങളും ചെറിയ പ്രക്ഷോഭങ്ങൾക്ക് കാരണമായിട്ടുണ്ട്.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികൾ ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനമുള്ള ഗോത്രവർഗ്ഗക്കാർ - നാഗകളും കുക്കികളും- മലയോര ജില്ലകളിലും താമസിക്കുന്നു.

People vandalized the house of Public Works Minister in Manipur

TAGS :

Next Story