Quantcast

ഇന്ധനവില വര്‍ധനവിന് കാരണം താലിബാന്‍; പുതിയ കണ്ടുപിടുത്തവുമായി ബി.ജെ.പി എംഎല്‍എ

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പക്ഷെ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനില്ല. ഈ വര്‍ഷം ജൂലൈയില്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇറാഖ്, സൗദി, യു.എ.ഇ, നൈജീരിയ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    4 Sep 2021 1:30 PM GMT

ഇന്ധനവില വര്‍ധനവിന് കാരണം താലിബാന്‍; പുതിയ കണ്ടുപിടുത്തവുമായി ബി.ജെ.പി എംഎല്‍എ
X

രാജ്യത്തെ ഇന്ധനവില വര്‍ധനവിന് പുതിയ കാരണം കണ്ടെത്തി ബി.ജെ.പി എംഎല്‍എ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമെന്നാണ് കര്‍ണാടകയിലെ ബി.ജെ.പി എംഎല്‍എ അരവിന്ദ് ബെല്ലാര്‍ഡിന്റെ വാദം.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധിമൂലം ക്രൂഡോയില്‍ വിതരണത്തില്‍ കുറവുണ്ടായി. അതുകാരണം പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ടെന്നും അരവിന്ദ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പക്ഷെ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനില്ല. ഈ വര്‍ഷം ജൂലൈയില്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇറാഖ്, സൗദി, യു.എ.ഇ, നൈജീരിയ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവിലയില്‍ വലിയ വര്‍ധനയാണ് രാജ്യത്തുണ്ടായത്. ഇതിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പലപ്പോഴും പല കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ വില വര്‍ധനവിനെ ന്യായീകരിക്കാറുള്ളത്. യു.പി.എ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറ്ക്കുന്നതിന് തടസമെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. എണ്ണ ബോണ്ട് പലിശ കാരണം അഞ്ച് വര്‍ഷം കൊണ്ട് 70000 കോടി അടച്ചു. 2026 വരെ 37000 കോടി രൂപ കൂടി അടക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാര്‍ നേടിയ അധികവരുമാനം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഏഴ് വര്‍ഷം കൊണ്ട് 23 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നേടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 410 രൂപയായിരുന്ന എല്‍.പി.ജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 885 രൂപയാണ്. എല്‍.പി.ജി വിലയില്‍ 116 ശതമാനവും പെട്രോള്‍ വിലയില്‍ 42 ശതമാനവും ഡീസല്‍ വിലയില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് 2014ന് ശേഷം ഉണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story