Quantcast

'ആര്‍.എൻ രവി തമിഴ്നാടിനായി ഒന്നും ചെയ്തിട്ടില്ല'; ഗവര്‍ണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ വിദ്യാര്‍ഥിനി

അപ്രതീക്ഷിതമായുള്ള പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഞെട്ടി നില്‍ക്കുന്നതിന്‍റെ ദശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

MediaOne Logo

Web Desk

  • Published:

    14 Aug 2025 9:21 AM IST

ആര്‍.എൻ രവി തമിഴ്നാടിനായി ഒന്നും ചെയ്തിട്ടില്ല; ഗവര്‍ണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ വിദ്യാര്‍ഥിനി
X

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൻ രവിയില്‍ നിന്നും ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥിനി. തമിഴ് ജനതക്ക് എതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ജീന്‍ ജോസഫ് പ്രതിഷേധിച്ചത്. അപ്രതീക്ഷിതമായുള്ള പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഞെട്ടി നില്‍ക്കുന്നതിന്‍റെ ദശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബുധനാഴ്ച നടന്ന മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ വച്ചാണ് സംഭവം. ഗവര്‍ണര്‍ തമിഴ്നാടിന്‍റെ താൽപര്യങ്ങൾക്കെതിരായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പകരം, സർവകലാശാലയുടെ വൈസ് ചാൻസലറിൽ നിന്ന് ബിരുദം സ്വീകരിക്കുകയായിരുന്നു. മൈക്രോ ഫിനാൻസിൽ ഡോക്ടറേറ്റ് നേടിയ ജീൻ ജോസഫ് താൻ ഗവർണറെ മനഃപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് പറഞ്ഞു. "ആർ.എൻ രവി തമിഴ്നാടിനും അവിടുത്തെ ജനങ്ങൾക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എനിക്ക് അദ്ദേഹത്തിൽ നിന്ന് ബിരുദം സ്വീകരിക്കാൻ ആഗ്രഹമില്ലായിരുന്നു," ജീൻ കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന്‍റെ പുറത്തുവന്ന വീഡിയോയിൽ മുഖ്യാതിഥിയായിരുന്ന ഗവർണറെ മറികടന്ന് വൈസ് ചാൻസലർ എൻ. ചന്ദ്രശേഖറിനൊപ്പം ബിരുദവുമായി ജീൻ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാം. ഗവര്‍ണര്‍ ഒന്ന് അമ്പരന്ന ശേഷം വിദ്യാര്‍ഥിനിയോട് തന്നെ കാരണം ചോദിച്ചു. അറിയാതെയല്ല മനഃപൂര്‍വമാണെന്ന് ജീൻ മറുപടി പറയുകയും ചെയ്തു.

ജീൻ ജോസഫിന്‍റെ ഭർത്താവ് രാജൻ ഭരണകക്ഷിയായ ഡിഎംകെയുടെ പ്രവര്‍ത്തകനാണ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് ഗവർണർ മനഃപൂർവം വൈകിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തടസങ്ങൾ സൃഷ്ടിക്കുകയും സമാന്തര ഭരണം നടത്താൻ ശ്രമിക്കുകയും ചെയ്തതായി പാർട്ടി ആരോപിച്ചിരുന്നു.

TAGS :

Next Story