മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ യുവതിയുമായി സൗഹൃദം, പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് 49 ലക്ഷം രൂപ
ഗാസിയാബാദിലെ 42കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിക്കാണ് ഭീമമായ തുക നഷ്ടമായത്

ലഖ്‌നൗ: ഓണ്‍ലൈനില്‍ യുവതിയുമായി പരിചയം സ്ഥാപിച്ചതിന് പിന്നാലെ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് 49 ലക്ഷം രൂപ. ഗാസിയാബാദിലെ 42കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിക്കാണ് ഭീമമായ തുക നഷ്ടമായത്. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ യുവതിയെ പരിചയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വഞ്ചനാക്കുറ്റത്തിന് കുറ്റാരോപിതയ്‌ക്കെതിരെ കേസെടുത്തുവെന്ന് സൈബ്രര്‍ ക്രൈം പൊലീസ് അറിയിച്ചു.
ഇന്ദിരപുരത്തെ വൈശാലി സ്വദേശിയാണ് ഇരയെന്നാണ് പൊലീസ് ഭാഷ്യം. 2025 സെപ്റ്റംബറില്‍ ഇയാള്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ നിന്ന് യുവതിയെ പരിചയപ്പെടുകയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ സെപ്റ്റംബര്‍ 18ന് പരാതിക്കാരന്‍ യുവതിയുടെ വാട്ട്‌സാപ്പിലേക്ക് അയച്ച മെസ്സേജും പൊലീസ് കണ്ടെടുത്തു.
'ഞാനയച്ച മെസ്സേജിന് സെപ്റ്റംബര്‍ 20ന് യുവതി മറുപടി തന്നു. ഡല്‍ഹിയിലെ റിയല്‍ എസ്റ്റേസ്റ്റ് വ്യാപാരത്തെ കുറിച്ചും പഞ്ചാബില്‍ അവളുടെ കുടുംബം നടത്തുന്ന ബിസിനസിനെ കുറിച്ചുമൊക്കെ പറഞ്ഞു.' പരാതിക്കാരന്‍ പറഞ്ഞതായി എഫ്‌ഐആറില്‍ പറഞ്ഞു.
ഇരുവരും വൈകാതെ അടുപ്പത്തിലാവുകയും സംസാരിച്ചുതുടങ്ങുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികനേട്ടം കൈവരിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടു. ഇതിനായുള്ള ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്‌തെന്ന് അന്വേഷണസംഘം പറഞ്ഞു.
'പരാതിക്കാരന്‍ ആപ്ലിക്കേഷനിലേക്ക് ആദ്യം 500 രൂപ അയച്ചുകൊടുത്തു. ലാഭം നേടുന്നതിനായി പിന്നീടുള്ള ഏഴ് ട്രാന്‍സാക്ഷനുകളിലായി 49 ലക്ഷം നഷ്ടപ്പെടുത്തുകയായിരുന്നു.' സൈബര്‍ക്രൈം ഓഫീസര്‍ സന്തോഷ് തിവാരി പറഞ്ഞു.
'തന്റെ പണം പിന്‍വലിക്കുന്നതിനായി ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 30 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് തട്ടിപ്പുകാര്‍ ഇയാളോട് പറഞ്ഞത്. ഇതിനെതുടര്‍ന്ന് നിരന്തരമായി പിന്‍വലിക്കാനുള്ള ശ്രമം നടത്തിയതോടെ ആപ്ലിക്കേഷന്‍ തകരാറിലാകുകയായിരുന്നു. പിന്നീടാണ് താനൊരു വലിയ തട്ടിപ്പിലാണ് ചെന്നുവീണതെന്ന് ഇയാള്‍ മനസ്സിലാക്കിയത്.' പൊലീസ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
ഇദ്ദേഹത്തിന്റെ പരാതിയില്‍ സൈബര്‍ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Adjust Story Font
16

