Quantcast

വെടിയേറ്റു വീണ മനുഷ്യന്റെ നെഞ്ചില്‍ കയറി ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    23 Sep 2021 5:52 PM GMT

വെടിയേറ്റു വീണ മനുഷ്യന്റെ നെഞ്ചില്‍ കയറി ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
X

അസമിലെ സിപാജാറില്‍ പൊലീസിന്റെ വെടിയേറ്റു വീണ ഗ്രാമീണന്റെ നെഞ്ചില്‍ കയറി ചാടിയും അടിച്ചും മര്‍ദിച്ച ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തു. ബിജോയ് ബോനിയ ഫോട്ടോ ഗ്രാഫറെ അസം സി.ഐ.ഡി അറസ്റ്റ് ചെയ്തതായി ഡി.ജി.പി അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര ഇടപെടലെന്നും ഡി.ജി.പി ട്വീറ്റ് ചെയ്തു.

അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെയാണ് ക്രൂരമായ അതിക്രമം നടന്നത്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും ഗ്രാമീണനെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു വീണ ഗ്രാമീണന്റെ ശരീരത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടി വീണ് ചവിട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ ഗ്രാമീണനെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയാണ് ചെയ്തത്.

പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റു നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് ഇവിടെനിന്നു മാറിയത്.

പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗ്രാമീണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കുടിയൊഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.



TAGS :

Next Story