Quantcast

വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: കൊൽക്കത്ത ഹൈക്കോടതി

14 വർഷം പഴക്കമുള്ള കേസിലായിരുന്നു ഹൈക്കോടതി വിധി

MediaOne Logo

Web Desk

  • Published:

    28 April 2023 2:20 AM GMT

Relationship On Promise Of Marriage Does Not Equate To Rape; Calcutta HC,വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: കൊൽക്കത്ത ഹൈക്കോടതി
X

കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കൽക്കട്ട ഹൈക്കോടതി. 14 വർഷം പഴക്കമുള്ള കേസിലായിരുന്നു കൽക്കട്ട ഹൈക്കോടതി വിധി. പലപ്പോഴും ബലാത്സംഗ കുറ്റം ചുമത്തുന്നത് ബന്ധങ്ങളിലെ സങ്കീർണതകൾ മൂലമാണെന്ന് ജസ്റ്റിസ് ഷംപ ദത്ത (പോൾ) അടങ്ങുന്ന സിംഗിൾ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു.

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ദങ്കുനിയിൽ 2009ൽ ഫയൽ ചെയ്ത കേസിലാണ് വിധി വന്നത്. പരാതിക്കാരിയായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം അവരുടെ കുടുംബങ്ങൾ ഉറപ്പിക്കുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

എന്നാൽ ഇതിനിടയിൽ തൊഴിൽപരമായ കാരണങ്ങളാൽ യുവാവ് ഗോവയിലേക്ക് പോകുകയും അവിടെ വെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് നേരത്തെ വിവാഹം ഉറപ്പിച്ച പെൺകുട്ടിയും അവളുടെ കുടുംബാംഗങ്ങളും ഇയാൾക്കെതിരെ വിവാഹത്തിന്റെ മറവിൽ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം യുവാവിന്റെ മുഴുവൻ കുടുംബത്തിനുമെതിരെ പൊലീസ് കേസ് എടുത്തു. യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതിരെ യുവാവ് 2009ൽ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.

ഇരുവരും പ്രായപൂർത്തിയായതിനാൽ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഉഭയ സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന്റെ പേരിൽ യുവാവിന്റെ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ യുവാവ് പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് എതിർ അഭിഭാഷകൻ ആരോപിച്ചു. ഒടുവിൽ, ഇരുഭാഗവും കേട്ട ശേഷം, ബലാത്സംഗ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. യുവാവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും പിൻവലിക്കുകയും ചെയ്തു.

TAGS :

Next Story