Quantcast

മുസ്‍ലിം വോട്ടുകൾ തിരിച്ചുപിടിക്കാൻ മമത; പീര്‍സാദ കാസിം സിദ്ദിഖിയെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചു

ഐ‌എസ്‌എഫിലേക്ക് പോകാൻ സാധ്യതയുള്ള വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ടിഎംസിയുടെ പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    10 Jun 2025 9:48 AM IST

Pirzada Kasem Siddiqui
X

കൊല്‍ക്കത്ത: ബംഗാൾ ഫുർഫുറ ശെരീഫിലെ പീർസാദ കാസിം സിദ്ദിഖിയെ തൃണമൂൽ കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നീക്കം. മുസ്‌ലിം വോട്ട് ബാങ്ക് ഏകീകരിക്കുന്നതിനും ഇന്ത്യൻ സെക്കുലര്‍ ഫ്രണ്ടിന്‍റെ (ഐഎസ്എഫ്) വർധിച്ചുവരുന്ന സ്വാധീനത്തിന് തടയിടുന്നതിനുമായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ തന്ത്രപരമായ നടപടിയായാണ് ഈ നിയമനത്തെ കാണുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഐഎസ്എഫിന്‍റെ പ്രകടനം കണക്കിലെടുക്കുമ്പോൾ, ഈ തീരുമാനത്തിന് ഗണ്യമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് മതനേതാവും ഫുർഫുറ ശരീഫ്​ ഇമാമുമായ അബ്ബാസ്​ സിദ്ദീഖി ഇന്ത്യൻ സെക്കുലര്‍ ഫ്രണ്ടിന് രൂപം നൽകുന്നത്. അദ്ദേഹത്തിന്‍റെ സഹോദരൻ നൗഷാദ് സിദ്ദിഖി ടിഎംസിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ സൗത്ത് 24 പർഗാനാസിലെ ഭംഗർ സീറ്റിൽ മത്സരിച്ചു വിജയിച്ചിരുന്നു. തൃണമൂലിന്‍റെ മുസ്‍ലിം പിന്തുണക്ക് മേൽ സാരമായ വിള്ളൽ വീഴ്ത്തുന്നതായിരുന്നു ഈ വിജയം. അതിനുശേഷം, സൗത്ത് 24 പർഗാനാസിന് അപ്പുറത്തുള്ള നിരവധി മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐ‌എസ്‌എഫ് തങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ടി‌എം‌സിക്കുള്ളിൽ അവരുടെ പരമ്പരാഗത വോട്ട് ബാങ്കിന്‍റെ ചോർച്ചയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്. 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഐഎസ്എഫ് കരുത്ത് കാട്ടിയിരുന്നു. ഭംഗറിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ച വെച്ചത്. ഭംഗറിലെ 132 സീറ്റുകളിൽ 43 സീറ്റുകൾ ഐഎസ്എഫ് നേടിയിരുന്നു.

ഈ സാഹചര്യത്തിൽ, ഔപചാരികമായ അംഗത്വ ചടങ്ങ് പോലുമില്ലാതെ, കാസിം സിദ്ദിഖിയെ പാർട്ടിയിലെ പ്രമുഖ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള മമതയുടെ നീക്കം, മുസ്‍ലിം പിന്തുണ നിലനിർത്തുന്നതിന് ടിഎംസി നൽകുന്ന പ്രാധാന്യത്തിന്‍റെ ശക്തമായ സൂചനയായി കണക്കാക്കപ്പെടുന്നു.ഫുർഫുറ ശെരീഫിലെ ജനസമ്മതനായ വ്യക്തി കൂടിയാണ് സിദ്ദിഖി.കൂടാതെ അബ്ബാസുമായും നൗഷാദ് സിദ്ദിഖിയുമായും അടുത്ത ബന്ധമുള്ളയാളുമാണ്. പ്രദേശത്ത് മതപരമായും സാമൂഹ്യപരമായുള്ള അദ്ദേഹത്തിന്‍റെ സ്വാധീനം ഐ‌എസ്‌എഫിലേക്ക് പോകാൻ സാധ്യതയുള്ള വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ടിഎംസിയുടെ പ്രതീക്ഷ.

കൊൽക്കത്തയിൽ നിന്ന് 45 കിലോമീറ്റർ ദൂരെയുള്ള ഫുർഫുറ ഗ്രാമത്തിലെ, 14ാം നൂറ്റാണ്ടിൽ നിർമിച്ച സൂഫി മസർ (ഫുർഫുറ ഷെരീഫ്) ബംഗാളി മുസ്‌ലിംകൾക്ക് പ്രധാനപ്പെട്ട ആരാധനാസ്ഥലമാണ്. ഇതിന്‍റെ കീഴിൽ ബംഗാളിൽ പലയിടങ്ങളിലായി 2200 പള്ളികളുണ്ട്.

കുറച്ചു മാസങ്ങളായി ഫുര്‍ഫുറ ശെരീഫുമായുള്ള മമതയുടെ അടുപ്പം പ്രകടമാണ്. റമദാൻ മാസത്തിൽ മമത ഇവിടം സന്ദര്‍ശിച്ചിരുന്നു. ഈ സമയം കാസിം സിദ്ദിഖിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കൊൽക്കത്തയിലെ പാർക്ക് സർക്കസ് ഏരിയയിൽ നടന്ന ഇഫ്താർ പാർട്ടിയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. കാസിം സിദ്ദിഖിയുടെ നിയമനത്തിലൂടെ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനും ബംഗാളിലെ മുസ്‍ലിം വോട്ടുകൾ കൂടുതൽ വിഘടിക്കുന്നത് തടയാനുമാണ് പാർട്ടി ശ്രമിക്കുന്നത്.

TAGS :

Next Story